കണ്ണുകളുടെ കാഴ്ചയ്ക്ക്‌ പരിധിയുണ്ടെന്നറിയാം, പരിമിതികളും...
എന്നാലും... ഈ കണ്ണുകളിലൂടെയാണ്‌ അമ്മയെ കണ്ടത്‌, ആകാശം കണ്ടത്‌ നിലാവും,നിഴലും,നിറങ്ങളും ചോരയുടെ ചുവപ്പും കണ്ടത്‌
പിന്നെ...... നിന്നെ കണ്ടത്‌

12 June 2009രാഷ്ട്രീയം പറയാതിരിക്കുന്നതെങ്ങനെ?

തൊലി പൊളിഞ്ഞ
യൂക്കാലിപ്‌റ്റസ്
ഇല്ലാത്ത ഇലച്ചാര്‍ത്താല്‍
നഗ്നത മറയ്ക്കാന്‍ ശ്രമിക്കുമ്പോള്‍

രാഷ്ടീയം പറയാതിരിക്കുന്നതെങ്ങനെ?

വാക്കു തന്നവര്‍
തെരുവില്‍ കുരച്ചു ചാടുമ്പോള്‍
ഇല്ലാത്ത എല്ലിനായി
കടിപിടികൂട്ടുമ്പോള്‍

രാഷ്ട്രീയം പറയാതിരിക്കുന്നതെങ്ങനെ?

കൊടി പിടിച്ച്‌
ചോരതുപ്പി മരിച്ച മുത്തച്ചന്‍
ചുവന്ന മാലയ്ക്കപ്പുറം നിന്ന്‌
ചുവന്ന കണ്ണുകളോടെ നോക്കുമ്പോള്‍

മൗനിയാകുന്നതെങ്ങനെ?

രക്തസാക്ഷികുടീരങ്ങളില്‍
നിലവിളി ഉയരുമ്പോള്‍

കേള്‍ക്കാതിരിക്കുന്നതെങ്ങനെ?


പള്ളിക്കൂടം തുറക്കുമ്പോള്‍

മഴ നിറഞ്ഞ ഇടവഴികള്‍
നീല നിക്കര്‍ നനക്കാന്‍
കൈനീട്ടി നില്‍ക്കുന്ന
കമ്മ്യൂണിസ്റ്റ്പച്ചകള്‍

മഴ മായിച്ച ഗ്രഹപാഠം
മറിയാമ്മ ടീച്ചറിന്റെ
കണ്ണിലെ
കാര്‍മേഘങ്ങള്‍

------പുറത്ത്
സ്കൂള്‍ ബസിന്റെ ഇരമ്പം
ടൈ ചെയ്തതു ശരിയായില്ല
ഷൂ പോളീഷു ചെയ്തില്ല
മകന്റെ കുഞ്ഞിക്കണ്ണില്‍
പുതിയ കാലത്തിന്റെ
മഴ പൊട്ടുന്നു

03 June 2009

പനി പെയ്തിറങ്ങുമ്പോള്‍

ജനാലയ്ക്കു പുറത്ത്
പനി പെയ്തിറങ്ങുമ്പൊള്‍
ഞാനൊരു പ്യൂപ്പയിലെന്നപോലെ
സുക്ഷുപ്തിയിലാണ്‌

കാലുകള്‍ മഞ്ഞില്‍ പുതഞ്ഞുപോയ
പര്‍വതാരോഹകനാകുന്നു ഞാന്‍
മരവിപ്പിക്കുന്ന തണുപ്പ്‌
മിടിക്കാന്‍ മറന്നുപോവുന്ന ഹ്രുദയം
പിന്നീടെപ്പോഴൊ, മരുഭൂമി കടക്കുന്ന
സഞ്ചാരിയാകുന്നു
ഒരിറ്റു വെള്ളമോ, ഒരീന്തല്പ്പനയുടെ
തണലോ ഇല്ലാതെ
കത്തുന്ന സൂര്യന്റെ ചുവട്ടീല്‍
ഏകാകിയാകുന്നു

അസ്വസ്ത സ്വപ്നങ്ങളുടെ
ആവര്‍ത്തനങ്ങള്‍-രണഭൂമിയില്‍
കബന്ധങ്ങള്‍ കൊത്തിവലിയ്ക്കാന്‍
കാത്തുനില്‍ക്കുന്നതു
കഴുകന്മാരല്ല-കൊതുകുകള്‍

ഒടുവില്‍-ഉദയത്തോടൊപ്പം
കണ്ണ് തുറക്കുമ്പൊള്‍
വിളിച്ചു ശീലിച്ച പല പേരുകളും
കണ്ടുപരിചയിച്ച ചില മുഖങ്ങളുമില്ലാത്ത
പുതിയ ഭൂമി
-പ്രളയം കഴിഞ്ഞുവോ?

പ്രക്രുതീ, നീ ഇനിയും
സംഹാരമാടുക
ഞങ്ങളെ മുലയൂട്ടി വളര്‍ത്തിയ
നിന്റെ പവിത്രമായ ശരീരം
മാലിന്യക്കൂമ്പാരമാക്കുന്ന
ഞങ്ങളുടെ വംശത്തെ വേരോടെ കളയുക

അമ്മമാരും കുഞ്ഞുങ്ങളും മരിച്ചാലും
ഞങ്ങള്‍ പഠിക്കില്ല
ഞങ്ങള്‍ മനുഷ്യരാണ്‌
ആദ്യക്ഷരം പഠിക്കാതെ
സര്‍വ്വഞ്ജപീഠം കയറിയവര്‍


മുംബൈയുടെ മുറിവുണങ്ങുമ്പോള്‍

വെടിയൊച്ച കേട്ട് ഞെട്ടിയുണര്‍ന്ന
പ്രാവുകളുടെ കുഞ്ഞിക്കണ്ണീല്‍
അമ്പരപ്പായിരുന്നു
പിന്നീടതു ഭയമായി മാറും വരെ

നമുക്കു നഷ്ടപ്പെട്ടത്‌-
അമ്മയ്ക്കു മകന്‍
കഞ്ഞുങ്ങള്‍ക്കു അച്ചന്‍
കുടുംബത്തിന്‌ തണല്‍
രാജ്യത്തിനു ചാവേര്‍

അവര്‍ നേടിയത്‌-
നിസ്സഹായന്റെ ചോരയില്‍
ചവുട്ടി നടക്കുമ്പോള്‍
അറിയാതെ തോന്നുന്ന ആത്മപുളകം
വെടിയേറ്റ ശവത്തിനു മീതെ
കുറ്റവാളിയെന്ന കയ്യൊപ്പ്‌

ഒടുവില്‍-
മുറിവുകള്‍, വിലാപങ്ങള്‍
തകര്‍ന്ന ഗോപുരങ്ങള്‍
പോരാടിമരിച്ചവന്റെ
നെഞ്ചിലെ അശോകചക്രം
സഹായിക്കാനെത്തുന്നവന്റെ
ഒളികണ്ണിലെ ടാര്‍ഗറ്റ്

മിച്ചം കിട്ടിയത്-
മുറിവേറ്റ ഒരു രാജ്യം
ചേര്‍ന്നു നില്‍ക്കുമ്പോഴും
നമുക്കിടയിലൂടെ
വെള്ളം ചോരുന്നെന്ന
തിരിച്ചറിവ്‌

02 June 2009ദൈവങ്ങളൂടെ നാട്ടില്‍


ഇതു
ദൈവത്തി‌‌ന്റെ സ്വന്തം നാട്
പെണ്‍കുട്ടികളെ
സ്ഥലപ്പേരുകളാക്കുന്ന
ദൈവങ്ങളുടെ നാട്

ഇടവഴിയില്‍ ഓടിക്കളിച്ചപ്പൊള്‍
കൊണ്ടുപൊയതാണ്‌
മാമ്പഴം പെറുക്കാനാഞ്ഞപ്പൊള്‍
പുലി പിടിച്ചതാണ്‌
അന്നവള്‍ വിലയുളള ശരീരം
ഇന്ന്‌ പുഴുവരിക്കുമ്പോഴും,
കടത്തിണ്ണച്ചര്‍ച്ചയില്‍
ചൂടുള്ള ശരീരം

ഓരൊ അമ്മയും പ്രസവിക്കുമ്പൊള്‍
നൊന്തിട്ടുണ്ടാവണം
പെണ്‍കുഞ്ഞിനെ പ്രസവിക്കുമ്പോള്‍‍
ഒരുപാട്‌ നോവണം
ഇരുളിലും പകലിലും
കണ്ണിമയ്ക്കാതിരിക്കണം
കരിയിലയനങ്ങുമ്പോള്‍
ഞെട്ടിത്തെറിക്കണം
കാരണം,
അവളുടെ അച്ചനും പുരുഷനാണ്‌