കണ്ണുകളുടെ കാഴ്ചയ്ക്ക്‌ പരിധിയുണ്ടെന്നറിയാം, പരിമിതികളും...
എന്നാലും... ഈ കണ്ണുകളിലൂടെയാണ്‌ അമ്മയെ കണ്ടത്‌, ആകാശം കണ്ടത്‌ നിലാവും,നിഴലും,നിറങ്ങളും ചോരയുടെ ചുവപ്പും കണ്ടത്‌
പിന്നെ...... നിന്നെ കണ്ടത്‌

17 August 2009

കവിയോട്‌



പാറിപ്പറന്ന മുടിയും,
ഉടുപ്പില്‍
കടത്തിണ്ണയിലെ
മുറുക്കാന്‍ തുപ്പലിന്റെ
വര്‍ണ്ണചിത്രവുമായി
നീ വന്നു.

'കവിയാണ്‌ ഞാന്‍'
നീ പരിചയപ്പെടുത്തി.
'അറിയാം മാഷെ'
ഞാന്‍ തൊഴുതുപോയി.

അക്ഷരങ്ങളുടെ
അഗ്നിപൊള്ളിച്ച
കൈ നീട്ടി നീ
'പത്തു രൂപാ വേണം'

ഒരു തുട്ടുപോലുമില്ലാത്ത
ഓട്ടക്കീശയില്‍ നിന്ന്‌
ഞാനെന്തെടുത്തു നീട്ടാന്‍.

ജീവന്‍ തരാം
വൃക്കയോ കിഡ്നിയോ
ചോരയോ തരാം
നിന്റെ ചിറകിലൊരു
തൂവലാകാന്‍
എനിക്കുള്ളതെല്ലാം തരാം.

പകരം,
ആയിരം മുയലുകളെ
മുകളിലേയ്ക്കെറിഞ്ഞ്‌
ആകാശമുണ്ടാക്കുവാന്‍**
നടവഴിയില്‍
കവിതയുടെ തീച്ചൂട്ടുമായി
നീയുണ്ടായാല്‍ മതി.


**അയ്യപ്പന്റെ തന്നെ വരികളില്‍ നിന്ന്‌



15 August 2009

സഖാവിന്റെ ടി വി കാഴ്ചകള്‍





പേരക്കുട്ടികളെ സ്കൂള്‍ബസ്സില്‍ കയറ്റിവിട്ടിട്ട് അയാള്‍ തിരിച്ചുനടന്നു. മകനും, മരുമകള്‍ക്കും നേരത്തേ പോകണം. അതുകോണ്ട്‌ ഇതു തന്റെ ജോലിയാണ്‌.

നടയില്‍ കിടന്ന പത്രങ്ങള്‍ കുനിഞ്ഞെടുത്തു. അതില്‍നിന്നും 'ദേശാഭിമാനി' മാത്രം കൈയിലെടുത്ത്‌ ചാരുകസേരയില്‍ വന്നുകിടന്നു. ഇതൊരു പതിവാണ്‌. ഇങ്ങനെ കിടക്കുമ്പോള്‍ മനസ്സിലൂടെ ചുവപ്പിന്റെ ഘോഷയാത്ര കടന്നുപോകും.

കോരിച്ചൊരിയുന്ന മഴയത്ത്‌ കുന്നും, മലയും താണ്ടിയ ജാഥകള്‍. കൂരിരുട്ടിലും ഉയരുന്ന മുദ്രാവാക്യത്തിന്റെ തീവെട്ടികള്‍.

"ഉരിയരിക്കു പോലുമിവിടെ
ഉഗ്രസമരമുയരണം...
ഉടുതുണിക്കു പോലുമിവിടെ
ഉഗ്രസമരമുയരണം..... "
ഞരമ്പിലൂടെ എന്തോ ഒന്ന്‌ കടന്നുപോകുന്നു.

എഴുന്നേറ്റ് ടി വി ഓണ്‍ചെയ്തു. കുട്ടികള്‍ പോകുന്നതുവരെ ഒന്നും കാണാന്‍ അവന്മാര്‍ സമ്മതിക്കില്ല. സ്ക്രീനിലെപ്പോഴും എലിയും, പൂച്ചയും ഓടിനടക്കുകയാണ്‌.

വലത്തേമൂലയില്‍ ചുവന്ന ചതുരക്കട്ടയുള്ള ചാനലിനുവേണ്ടി തിരഞ്ഞു. അവിടെ കമ്മ്യൂണിസ്റ്റ് ചൈനയിലേയ്ക്കുള്ള യാത്രയുടെ വിവരണം. ചൈനയെന്നും, ക്യൂബയെന്നുമൊക്കെ കേള്‍ക്കുമ്പോള്‍ വല്ലാത്ത ഒരടുപ്പം. താഴത്തെ കലുങ്കില്‍ പോയി ഇരിക്കുന്നപോലത്തെ ഒരു സുഖം.

ചൈനയില്‍ ഒരു വലിയ കെട്ടിടത്തിന്റെ മുമ്പില്‍ വണ്ടിനിര്‍ത്തി, അത്‌ 'മക്ഡൊണാള്‍ഡ്'സിന്റെ ഭക്ഷണശാലയാണെന്ന് പരിചയപ്പെടുത്തുന്നു. അമേരിക്കന്‍ കമ്പനി ലോകത്തിനു നല്‍കുന്ന രുചി വൈവിധ്യങ്ങളെപ്പറ്റി റിപ്പോര്‍ട്ടര്‍ വാചാലനാകുന്നു.

പെട്ടന്ന്‌ ചെവിയില്‍ സഖാവ് രാഘവന്റെ വാക്കുകള്‍ ഇടിമുഴക്കമായി. അധിനിവേശത്തിനെതിരെ തുളച്ചു കയറുന്ന വാക്കുകള്‍. രാത്രി മീറ്റിങും കഴിഞ്ഞുവരുമ്പോള്‍ വഴിപിരിയുന്നിടത്തുവെച്ച്‌ പാതിബീഡി തന്നിട്ടുപോയവന്‍...ഇരുട്ടിന്റെ മറവില്‍ പിന്നില്‍നിന്നുള്ള കുത്തേറ്റ്, ചുരുട്ടിപ്പിടിച്ച മുഷ്ടിയും ചുണ്ടില്‍ ഈങ്ക്വിലാബിന്റെ പാതിയുമായി കടന്നുപോയവന്‍....

അയാളെഴുന്നേറ്റു. കണ്ണടമാറ്റി ടി വിയിലേയ്ക്കു നോക്കി. ഇതാണ്‌ നല്ലത്‌. അവ്യക്തമായ നിറങ്ങള്‍ക്കിടയില്‍ ചുവപ്പിന്റെ ഒരു തുള്ളിയുണ്ടെന്നു തോന്നുന്നു. തലമുറകള്‍ കരളിലവശേഷിപ്പിച്ച ചുവപ്പിന്റെ ഒരു തുള്ളി.

13 August 2009

കുമാരന്റെ സ്വാതന്ത്യം
















കൂടുതല്‍ പഠിച്ചിട്ടില്ലേലും
കുമാരന്‌ കുറച്ചൊക്കെയറിയാം..
പതിനൊന്നാം വയസ്സില്‍-

ഇന്‍ഡ്യയെന്നൊരു
രാജ്യമുണ്ട്‌
അതിനൊരു കൊടിയും.
അവിടെയെന്തോ നടക്കുന്നുണ്ട്‌.
പള്ളിക്കൂടത്തിലെ
പിള്ളേര്‍ക്കു വീശാനാണ്‌
പ്ലാസ്റ്റിക്ക്‌ കൊടിയില്‍
പിന്നു്‌ അടിക്കുന്നത്‌.

ഇന്നലെയും പിന്നു്‌
കൈതുളച്ചതിന്റെ
നീറ്റല്‍ മാറിയില്ല.

ഒരാഴ്ചയുറങ്ങാതെ
ഇടവേളയില്ലാതെ ചലിച്ച്‌
വിരല്‍ത്തുമ്പ്‌
വീര്‍ത്തു വന്നിട്ടുണ്ട്‌.

പിന്നടിച്ച പതാകകള്‍
ലോറിയിലേയ്ക്കും,
കുമാരന്‍ മുറിയിലേയ്ക്കും.

അവിടെ,
മുരുകന്‍ വന്നിട്ടുണ്ടാവില്ല
അവന്റനിയന്‍ സുപ്രനും.
പൊള്ളിപ്പനിച്ചിട്ടും
പോയതാണ്‌.
തീപ്പെട്ടിക്കമ്പനീല്‍
അവധിയില്ലല്ലൊ...

വയറു കാളുന്നുണ്ട്‌.
കാശില്ലാതല്ല-
കീശയില്‍ മുതലാളിതന്ന
പത്തിന്റെ നോട്ടുണ്ട്‌.
കടവരെ പോകാന്‍ വയ്യ.
കണ്ണിലിരുട്ടിന്റെ കോട്ട.

കുമാരന്‍ മുറിയിലുറങ്ങുന്നു.
മുരുകനും സുപ്രനും
വിയര്‍പ്പണിയുന്നു.
യൂണിഫോമിട്ട കുട്ടികള്‍
തെരുവിലൂടെ കടന്നുപോവുന്നു,
കുമാരന്‍ പിന്നടിച്ച
പതാകയും വീശി...
'ഭാരത് മാതാ കീ.....'

08 August 2009

വേര്‍പാടുകള്‍


പനിച്ചുപൊള്ളുമ്പോള്‍ അരവിന്ദിന്‌ കയ്യിലെടുക്കാന്‍ മറ്റൊന്നും ഉണ്ടായിരുന്നില്ല. ഒരു പഴയ ഡയറി. അവസാനത്തെ കുറെ പേജുകള്‍ ശൂന്യമായിക്കിടക്കുന്നു.അതിനുമുമ്പിലേയ്ക്കു മറിക്കുമ്പോള്‍ അയാളുടെ കൈവിറച്ചു.ശ്വാസമിടിപ്പു കൂടി.പഴയ ഒരു ഓര്‍മയൊ, ഒരു മയില്‍പ്പീലിത്തുണ്ടോ കണ്ടാല്‍ പൊട്ടിപ്പോവും എന്ന പോലെ..

പഴകിപ്പോയ കടലാസില്‍ അക്ഷരങ്ങള്‍ പൊടിഞ്ഞുനിന്നു,

"അനിതാ- നീ പോവുമ്പോള്‍....
നിന്റെ വീട്ടിലേയ്ക്കുള്ള ഒറ്റയടിപ്പാതയുടെ ഇത്തിരി ദൂരവും, നീയെന്റെ കൈകളില്‍ ഒതുങ്ങിനിന്ന രാത്രിയില്‍ അറിയാതെ പൂത്തുപോയ കള്ളിപ്പാലയും മാത്രം ബാക്കിയാവും...ഈ ഞാനും".

ആഗസ്റ്റ് ഇരുപത്തി അഞ്ചിന്റെ താളില്‍ നനവു പടര്‍ന്നിരുന്നു.

"അവസാനമില്ലാതെ നീണ്ടുപോവുന്ന ഈ റെയില്പ്പാതകളും, പുഴക്കരയിലെ മണ്‍തരികളും എന്നോട് നാളെ ചോദിക്കും- അവള്‍ എവിടെപ്പൊയി എന്ന്‌...ഞാനെന്തു മറുപടി പറയണം, ഇതു ജീവിതമാണെന്നോ".

അനിതാ, നിനക്കറിയുമൊ...പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കുശേഷം അന്നാണ്‌ ഞാന്‍ കരയുന്നത്. ഓര്‍മ്മവെക്കും മുമ്പേ, എന്നെ മുത്തശ്ശന്റെയും മുത്തശ്ശിയുടെയും അടുത്താക്കി ദൂരെ ജോലിക്കുപോയ അച്‌ഛനേയും അമ്മയേയും ഓര്‍ത്തു ഞാന്‍ കരഞ്ഞിട്ടില്ല.ഒരു വേനലവധിക്ക്‌ വന്നപ്പോള്‍ അനിയന്റെ കളിപ്പാട്ടം കേടാക്കിയതിന് അച്ഛന്‍ തല്ലിയപ്പോഴും ഞാന്‍ കരഞ്ഞിട്ടില്ല. കരയാതെ കോലായില്‍ തനിച്ചിരുന്ന എന്നെ കെട്ടിപ്പിടിച്ച്‌ മുത്തശ്ശന്‍ കരഞ്ഞിട്ടുണ്ട്. ആ മുത്തശ്ശന്‍ മരിച്ചപ്പോള്‍ മാത്രമാണ്‌ ഞാന്‍ കരഞ്ഞത്‌...പന്ത്രണ്ട്‌ വര്‍ഷങ്ങള്‍ക്കുമുമ്പ്‌.

ഡയറിയില്‍ അടുത്ത ദിവസം ശൂന്യമായിക്കിടക്കുന്നു.

അന്ന്‌ കരയാതിരിക്കാന്‍ മാത്രമാണ്‌ തലേന്നു കരഞ്ഞത്‌ അന്ന്...കതിര്‍മണ്ഡപത്തില്‍ പൂത്തുനില്‍ക്കുന്നവളുടെ മുമ്പില്‍ചെന്ന്‌ ചിരിക്കണമെന്നുണ്ടായിരുന്നു. മറ്റൊരാള്‍ അവളെ സ്വന്തമാക്കുമ്പോള്‍ നന്മ നേരണമെന്നുണ്ടായിരുന്നു. നീ നുള്ളി തലയില്‍ ചൂടിയ ഒരു തുളസിക്കതിരിന്റെ ഓര്‍മ്മ മാത്രമാണ്‌ എനിക്കു വേണ്ടത്‌ എന്ന്‌ പറയണമെന്നുണ്ടായിരുന്നു...പക്ഷേ അന്ന്‌ മുറിയുടെ തടവറയില്‍ സ്വയം തളച്ചിടാനെ കഴിഞ്ഞുള്ളു.
പിന്നെയും ജീവിക്കാന്‍ വേണ്ടി മനസ്സില്‍ സൂക്ഷിച്ച ഒരു മോഹമുണ്ടായിരുന്നു-
ഏതെങ്കിലും ഒരു സന്ധ്യയില്‍ ഒരിക്കല്‍ക്കൂടി അവളെ കാണണം. അവളുടെ കൂടെ അവളുടെ പുരുഷനും, ഓമനത്തമുള്ള കുട്ടികളും ഉണ്ടാവണം. തന്നെക്കാണുമ്പോള്‍ അവളുടെ കണ്ണുകളില്‍ പരിചയം ഉണ്ടാവരുത്‌. തിരിച്ചറിയുമ്പോള്‍ അവളുടെ ചുണ്ടിന്റെ കോണില്‍ പുച്ഛം നിറഞ്ഞ ചിരി പരക്കണം. അതോര്‍ത്ത്‌ അവളെ മറക്കണം.

ആ ആഗ്രഹം ഇനി സാധിക്കുമെന്ന്‌ തോന്നുന്നില്ല. ഡയറിയടച്ച്‌ അയാളെഴുന്നേറ്റു. അലമാരിതുറന്നപ്പോള്‍ വലത്തേകോണില്‍ സൂക്ഷിച്ച ഉറക്കഗുളികകളുടെ ഡപ്പിയില്‍ കൈതടഞ്ഞു.

അവളോടുപോലും പറയാതെ മനസ്സില്‍ കൊണ്ടുനടന്ന മറ്റൊരു മോഹമുണ്ടായിരുന്നു... ഇടിമിന്നലേറ്റ് മരിക്കണം. അതും ഇനി സാധിക്കില്ല.

ജനാലയിലൂടെ വീശിയ കാറ്റില്‍ ഡയറിയുടെ താളുകള്‍ മറിഞ്ഞു. അരവിന്ദിന്റെ ഡയറിയില്‍ പിന്നീട് അക്ഷരങ്ങള്‍ ഉണ്ടായിരുന്നില്ല.

07 August 2009

പ്രണയം...ഒരു ഓണക്കാലം



ഉറക്കമില്ലാത്ത പകലുകളും രാത്രികളും ആവര്‍ത്തിക്കപ്പെടുന്നു. ഇപ്പൊള്‍ സ്വപ്നങ്ങളും.

മിന്നീ,
ആകാശത്തിനു താഴെ നമുക്ക്, പടര്‍ന്നു നില്‍ക്കുന്ന ഒരു അരയാലിന്റെ കുട. മലഞ്ചെരിവിലെവിടെയോ ഒരു കുടി. കൂട്ടിനു നിലാവുള്ള രാത്രിയില്‍ പൂക്കുന്ന മുല്ലയും ആമ്പലും. മഞ്ഞ മുളങ്കാടിന്റെ താരാട്ടു പാട്ടുകള്‍. കാവിനുള്ളില്‍ പൂചിതറുന്ന മരങ്ങളും, കിളികളും, ഒറ്റതിരി വിളക്കും.

ഞാനെന്റെ ഭ്രാന്തന്‍ സ്വപ്നങ്ങള്‍കൊണ്ട് അത്തപ്പൂവിടുകയാണ്. നീയെവിടെ, ഒരു ഉരുളച്ചോറും, ഒരു കൂട്ടാനും, ഒരുപാട് സ്നേഹവുമായി നമുക്ക് ഓണമുണ്ണണ്ടേ. തൂശനിലയിട്ട് തുമ്പിക്കും, നക്ഷത്രങ്ങള്‍ക്കും,കുറിഞ്ഞിക്കും, കൂട്ടുകാര്‍ക്കുമൊക്കെ വിളമ്പിക്കൊടുക്കേണ്ടേ.

മാവിന്റെ കൊമ്പത്തൊരു ഊഞ്ഞാല് കെട്ടെണ്ടേ. തുമ്പി തുള്ളുന്ന മനസും, പൂക്കുലയും, ഓണപ്പാട്ടുമായി പിന്നെയും വരുവാനിരിക്കുന്ന ഓണങ്ങള്‍ക്കായി കാത്തിരിക്കേണ്ടേ.

മിന്നീ, സ്വപ്നങ്ങളാണൊക്കയും. സ്വപ്നവും, സത്യവും തമ്മില്‍ ഒരുപാട് അകലമുണ്ടെന്നും, കാല്പനികതയും കവിതയുമല്ല ജീവിതമെന്നും ഒക്കെ എനിക്കറിയാം. ' നാളെ ' എന്ന വാക്ക് എന്നെ പേടിപ്പിക്കുന്നുമുണ്ട്.

അതിനെക്കുറിച്ചൊന്നും ഓര്‍ക്കുന്നില്ല. എനിക്കീ സ്വപ്നങ്ങളുടെ പൂക്കളം മതി. എന്നും നീ കൂടുണ്ടാവുമെന്ന വാക്കിന്റെ വിശുദ്ധി മതി. നിന്റെ കണ്ണുകളിലെ തിരുവതിരയുടെ താളം മതി. ഒരുപാടു സ്നേഹത്തിന്റെ ഓണക്കാഴ്ചകളുമായി....

04 August 2009

വഴിതെറ്റിയ ചോദ്യങ്ങള്‍
















വഴിയറിയാതെ

വെള്ളരിപ്രാവുകള്‍
ചിറകടിക്കുന്ന കണ്ണുകളാല്‍
കുരിശിലേയ്ക്ക്‌ ചൂണ്ടി
കാല്‍വരിയിലെ
ചോരപ്പാടുകള്‍ കാട്ടി
അനാഥാലയത്തിന്റെ
ചുവരുകള്‍ പറഞ്ഞു
-ദൈവം സ്നേഹമാണ്‌

വാറ്റുചാരായത്തിന്റെ
ചിറകില്‍
ആകാശവും കടന്ന്‌
അനന്തകോടി
നക്ഷത്രങ്ങളേയും കടന്ന്‌
ആദിമശൂന്യതയിലെത്തുമ്പോള്‍
അറിയുന്നു
-അറിവാണ്‌ ദൈവം

വിദേശക്കപ്പലില്‍
തണ്ടുവലിച്ചു തഴമ്പുപൊട്ടി.
മാറാവ്യാധിക്കു മരണമാണ്‌
മരുന്നെന്നു കപ്പിത്താന്‍
കടലിലെറിഞ്ഞിട്ടും
കടലെടുക്കാതെ
കരയിലെത്തി
കാല്‍വെള്ള തടവിനോക്കി
-അനുഭവമാണ്‌ ദൈവം

കഞ്ചാവിന്റെ നിറവില്‍
പുല്‍ക്കൊടിക്കും താഴെ
കണ്ണിനു കാണാനാവാത്ത
ചരാചരങ്ങള്‍ക്കിടയില്‍
ഏകകോശ ജീവികളുടെ
അലൈംഗിക ത്രുഷ്ണകള്‍ക്കിടയില്‍
അലയുമ്പൊള്‍
അവസാനവാക്ക്‌
-അറിവില്ലായ്മയാണ്‌ ദൈവം

ചിതലരിച്ച പുസ്തകത്താളിന്റെ
ചിതയിലെരിയാതെ ചിന്തകന്‍
-നീയും ഞാനുമാണ്‌ ദൈവം

ചോദ്യങ്ങളുടെ
വഴികളവസാനിക്കുന്ന കവലയില്‍
കലുങ്കുംചാരി നില്‍ക്കുമ്പൊള്‍
ഞാന്‍‌‌‌-
കളിക്കുടുക്കയില്‍
ക്യാരറ്റ്തോട്ടത്തിലേയ്ക്കുള്ള
വഴിമറന്ന മുയല്‍ക്കുഞ്ഞ്‌