കര്‍ക്കടകം
ചോരുന്നിടത്തെല്ലാം
പാത്രം നിരത്തി
ചോരാത്തിടത്തേയ്ക്കു
പായും നീക്കി
ഇടയില്ലാതാവുമ്പൊള്‍
ഇരുന്നുറങ്ങിയ ബാല്യം
ഇല്ലാക്കലത്തില്‍ അരിയിട്ട്
ഇല്ലായ്മകൊണ്ട് തീപൂട്ടി
ഉണ്ണിക്കും ഉറുമ്പിനും
പങ്കുവെച്ച
മുത്തശ്ശിയുടെ ഓര്‍മ്മ മാത്രമാണ്
ചോരാത്ത കൂര
സമയമറിയുന്ന സൂചികളില്ലാതെ
നിഴലിനെ വിശ്വസിച്ച കാലം-
മുറ്റത്തെ മാവിന്റെ നിഴല്‍
പടിയോളമെത്തുമ്പോള്‍
കുളിക്കുവാന്‍ പോകണം
പിന്നെയും കുറുകി
പടിയിറങ്ങുമ്പോള്‍
പുസ്തകമെടുത്തിറങ്ങണം
അന്നും ചതിച്ചത്
കര്‍ക്കടകം-
സൂര്യനെ മറച്ച്
നിഴലിന്റെ സമയക്കോലുകളെ
ഇല്ലാതാക്കി
കുഞ്ഞിക്കയ്യില്‍
ചൂരലിന്റെ പാടുപതിച്ചത്
ഈ കര്‍ക്കടകം-
കുഞ്ഞിക്കണ്ണിലെ അരുവികളെ
കല്ലാക്കി മാറ്റിയതും
കര്‍ക്കടകം-
മുത്തച്ചനേയും ചതിച്ചു
കര്‍ക്കടകം-
കമ്മ്യൂണിസ്റ്റിനെ വേട്ടയാടാന്‍
വരുന്ന ബൂട്ട്‌സിന്റെ
ശബ്‌ദമറിയാന്‍
മുറ്റത്ത് മുത്തശ്ശി വാരിയിട്ട
കരിയിലകളെ നനച്ച്
മുത്തശ്ശന്റെ വാരിയെല്ലൊടിച്ചതും
കര്‍ക്കടകം-
ഇന്നും
കര്‍ക്കടകം പിറക്കുമ്പോള്‍
നെഞ്ചിലുണരുന്നത്-
മിന്നലേറ്റിട്ടും
കരിയാതെ തളിര്‍ത്ത
ഒറ്റമരത്തിന്റെ ഓര്‍മ്മ