കണ്ണുകളുടെ കാഴ്ചയ്ക്ക്‌ പരിധിയുണ്ടെന്നറിയാം, പരിമിതികളും...
എന്നാലും... ഈ കണ്ണുകളിലൂടെയാണ്‌ അമ്മയെ കണ്ടത്‌, ആകാശം കണ്ടത്‌ നിലാവും,നിഴലും,നിറങ്ങളും ചോരയുടെ ചുവപ്പും കണ്ടത്‌
പിന്നെ...... നിന്നെ കണ്ടത്‌

15 July 2009

കര്‍ക്കടകം













കര്‍ക്കടകം

ചോരുന്നിടത്തെല്ലാം
പാത്രം നിരത്തി
ചോരാത്തിടത്തേയ്ക്കു
പായും നീക്കി
ഇടയില്ലാതാവുമ്പൊള്‍
ഇരുന്നുറങ്ങിയ ബാല്യം

ഇല്ലാക്കലത്തില്‍ അരിയിട്ട്‌
ഇല്ലായ്മകൊണ്ട് തീപൂട്ടി
ഉണ്ണിക്കും ഉറുമ്പിനും
പങ്കുവെച്ച
മുത്തശ്ശിയുടെ ഓര്‍മ്മ മാത്രമാണ്‌
ചോരാത്ത കൂര

സമയമറിയുന്ന സൂചികളില്ലാതെ
നിഴലിനെ വിശ്വസിച്ച കാലം-
മുറ്റത്തെ മാവിന്റെ നിഴല്‍
പടിയോളമെത്തുമ്പോള്‍
കുളിക്കുവാന്‍ പോകണം
പിന്നെയും കുറുകി
പടിയിറങ്ങുമ്പോള്‍
പുസ്തകമെടുത്തിറങ്ങണം

അന്നും ചതിച്ചത്‌
കര്‍ക്കടകം-
സൂര്യനെ മറച്ച്‌
നിഴലിന്റെ സമയക്കോലുകളെ
ഇല്ലാതാക്കി
കുഞ്ഞിക്കയ്യില്‍
ചൂരലിന്റെ പാടുപതിച്ചത്‌
ഈ കര്‍ക്കടകം-
കുഞ്ഞിക്കണ്ണിലെ അരുവികളെ
കല്ലാക്കി മാറ്റിയതും
കര്‍ക്കടകം-

മുത്തച്ചനേയും ചതിച്ചു
കര്‍ക്കടകം-
കമ്മ്യൂണിസ്റ്റിനെ വേട്ടയാടാന്‍
വരുന്ന ബൂട്ട്‌സിന്റെ
ശബ്‌ദമറിയാന്‍
മുറ്റത്ത്‌ മുത്തശ്ശി വാരിയിട്ട
കരിയിലകളെ നനച്ച്
മുത്തശ്ശന്റെ വാരിയെല്ലൊടിച്ചതും
കര്‍ക്കടകം-

ഇന്നും
കര്‍ക്കടകം പിറക്കുമ്പോള്‍
നെഞ്ചിലുണരുന്നത്‌-
മിന്നലേറ്റിട്ടും
കരിയാതെ തളിര്‍ത്ത
ഒറ്റമരത്തിന്റെ ഓര്‍മ്മ

16 comments:

  1. 'ചോരുന്നിടത്തെല്ലാം
    പാത്രം നിരത്തി
    ചോരാത്തിടത്തേയ്ക്കു
    പായും നീക്കി
    ഇടയില്ലാതാവുമ്പൊള്‍
    ഇരുന്നുറങ്ങിയ ബാല്യം'

    'വരുന്ന ബൂട്ട്‌സിന്റെ
    ശബ്‌ദമറിയാന്‍
    മുറ്റത്ത്‌ മുത്തശ്ശി വാരിയിട്ട
    കരിയിലകളെ നനച്ച്
    മുത്തശ്ശന്റെ വാരിയെല്ലൊടിച്ചതും
    കര്‍ക്കടകം-'



    ഇപ്പോഴാണി കണ്ണുകള്‍ കണ്ണില്‍ പെട്ടതെങ്കിലും , വെല്ലാതെ ഇഷ്ടായി കണ്ണേ..

    ReplyDelete
  2. njannum vazhipokkonodu cheruunnu

    manoharam ee varikal!

    ReplyDelete
  3. ഇന്നുംകര്‍ക്കടകം പിറക്കുമ്പോള്‍നെഞ്ചിലുണരുന്നത്‌-മിന്നലേറ്റിട്ടുംകരിയാതെ തളിര്‍ത്തഒറ്റമരത്തിന്റെ ഓര്‍മ്മ

    സുഹ്രുത്തേ.. ഈ ഓർമ്മകൾക്ക്‌ കർക്കിടക മഴയെക്കാൾ കരുത്ത്‌... നല്ല എഴുത്ത്‌.. ഇഷ്ടപ്പെട്ടു

    ReplyDelete
  4. നൊമ്പരപ്പെടുത്തുന്നു വരികള്‍..

    ReplyDelete
  5. സുന്ദരവും ലളിതവുമായ വരികള്‍ , പക്ഷെ എവിടെക്കൊക്കെയോ കൂട്ടികൊണ്ട് പോവുന്നു....
    ഒരുപാട് ഇഷ്ടായി ഈ കവിത

    ReplyDelete
  6. കർക്കടകത്തെ കള്ളക്കർക്കടകമെന്നു വിളിക്കേണ്ടിവരുന്നതും ഇതൊക്കെക്കൊണ്ടുതന്നെ. ചോരുന്നിടത്തെല്ലാം പാത്രം നിരത്തുമ്പോൾ കണ്ണുകൾക്ക് കീഴെ കൈകൾ പിടിക്കേണ്ടേ?

    നൊമ്പരമുണർത്തുമെങ്കിലും ഇഷ്ടമായി കർക്കടകം.

    ReplyDelete
  7. നിലയില്ലാത്ത നിറഞ്ഞ കണ്ണുകൾ ഈ വരികൾക്കിടയിൽ ഒഴുകിനടക്കുന്നതു പോലെ ഒരു തോന്നൽ

    ReplyDelete
  8. മഴയ്ക്കിങ്ങനെയും ഒരു മുഖം അല്ലേ...?

    ഈ കണ്ണുകളുടെ കാഴ്ച്ച ഒരിക്കലും മങ്ങാതിരിക്കട്ടെ...!

    ReplyDelete
  9. നന്ദി-
    കണ്ണുകളുടെ കാഴ്ച തെളിച്ചു തന്ന
    കൂട്ടുകാര്‍ക്കെല്ലാം...
    കര്‍ക്കടകത്തിന്റെ
    ഇടവഴിയില്‍
    കൂടെവന്നവര്‍ക്കെല്ലാം...

    ReplyDelete
  10. ചെറുപ്പത്തിലെ ഇല്ലായ്മയേയും, വല്ലായ്മയേയും ഓര്‍മ്മിപ്പിച്ചു, ഈ നല്ല കവിത.

    ReplyDelete
  11. ഓർമ്മകൾ പെയ്യുന്നു.. സുഹ്രുത്തേ

    ReplyDelete
  12. തലശ്ശേരിക്കും,
    വയനാടനും......നന്ദി

    ReplyDelete
  13. ഒരുപാട് തവണ വായിച്ചു,ഒരു ഫോര്‍മാലിറ്റിക്ക് വേണ്ടി പറയാറുണ്ട്‌ വാക്കുകള്‍ പോരാതെ വരുന്നു എന്ന് .അത് സത്യമാകുന്നു...എന്താണ് കവിത ? ഇതാണ് ...ഇതുതന്നെയാണ്.

    ReplyDelete
  14. നന്നായി വളരെ നന്നായി................

    ReplyDelete
  15. കര്‍ക്കിടകത്തിന്റെ പഞ്ഞം അറിയുന്നു ഈ വരികളില്‍

    ReplyDelete