കണ്ണുകളുടെ കാഴ്ചയ്ക്ക്‌ പരിധിയുണ്ടെന്നറിയാം, പരിമിതികളും...
എന്നാലും... ഈ കണ്ണുകളിലൂടെയാണ്‌ അമ്മയെ കണ്ടത്‌, ആകാശം കണ്ടത്‌ നിലാവും,നിഴലും,നിറങ്ങളും ചോരയുടെ ചുവപ്പും കണ്ടത്‌
പിന്നെ...... നിന്നെ കണ്ടത്‌

08 August 2009

വേര്‍പാടുകള്‍


പനിച്ചുപൊള്ളുമ്പോള്‍ അരവിന്ദിന്‌ കയ്യിലെടുക്കാന്‍ മറ്റൊന്നും ഉണ്ടായിരുന്നില്ല. ഒരു പഴയ ഡയറി. അവസാനത്തെ കുറെ പേജുകള്‍ ശൂന്യമായിക്കിടക്കുന്നു.അതിനുമുമ്പിലേയ്ക്കു മറിക്കുമ്പോള്‍ അയാളുടെ കൈവിറച്ചു.ശ്വാസമിടിപ്പു കൂടി.പഴയ ഒരു ഓര്‍മയൊ, ഒരു മയില്‍പ്പീലിത്തുണ്ടോ കണ്ടാല്‍ പൊട്ടിപ്പോവും എന്ന പോലെ..

പഴകിപ്പോയ കടലാസില്‍ അക്ഷരങ്ങള്‍ പൊടിഞ്ഞുനിന്നു,

"അനിതാ- നീ പോവുമ്പോള്‍....
നിന്റെ വീട്ടിലേയ്ക്കുള്ള ഒറ്റയടിപ്പാതയുടെ ഇത്തിരി ദൂരവും, നീയെന്റെ കൈകളില്‍ ഒതുങ്ങിനിന്ന രാത്രിയില്‍ അറിയാതെ പൂത്തുപോയ കള്ളിപ്പാലയും മാത്രം ബാക്കിയാവും...ഈ ഞാനും".

ആഗസ്റ്റ് ഇരുപത്തി അഞ്ചിന്റെ താളില്‍ നനവു പടര്‍ന്നിരുന്നു.

"അവസാനമില്ലാതെ നീണ്ടുപോവുന്ന ഈ റെയില്പ്പാതകളും, പുഴക്കരയിലെ മണ്‍തരികളും എന്നോട് നാളെ ചോദിക്കും- അവള്‍ എവിടെപ്പൊയി എന്ന്‌...ഞാനെന്തു മറുപടി പറയണം, ഇതു ജീവിതമാണെന്നോ".

അനിതാ, നിനക്കറിയുമൊ...പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കുശേഷം അന്നാണ്‌ ഞാന്‍ കരയുന്നത്. ഓര്‍മ്മവെക്കും മുമ്പേ, എന്നെ മുത്തശ്ശന്റെയും മുത്തശ്ശിയുടെയും അടുത്താക്കി ദൂരെ ജോലിക്കുപോയ അച്‌ഛനേയും അമ്മയേയും ഓര്‍ത്തു ഞാന്‍ കരഞ്ഞിട്ടില്ല.ഒരു വേനലവധിക്ക്‌ വന്നപ്പോള്‍ അനിയന്റെ കളിപ്പാട്ടം കേടാക്കിയതിന് അച്ഛന്‍ തല്ലിയപ്പോഴും ഞാന്‍ കരഞ്ഞിട്ടില്ല. കരയാതെ കോലായില്‍ തനിച്ചിരുന്ന എന്നെ കെട്ടിപ്പിടിച്ച്‌ മുത്തശ്ശന്‍ കരഞ്ഞിട്ടുണ്ട്. ആ മുത്തശ്ശന്‍ മരിച്ചപ്പോള്‍ മാത്രമാണ്‌ ഞാന്‍ കരഞ്ഞത്‌...പന്ത്രണ്ട്‌ വര്‍ഷങ്ങള്‍ക്കുമുമ്പ്‌.

ഡയറിയില്‍ അടുത്ത ദിവസം ശൂന്യമായിക്കിടക്കുന്നു.

അന്ന്‌ കരയാതിരിക്കാന്‍ മാത്രമാണ്‌ തലേന്നു കരഞ്ഞത്‌ അന്ന്...കതിര്‍മണ്ഡപത്തില്‍ പൂത്തുനില്‍ക്കുന്നവളുടെ മുമ്പില്‍ചെന്ന്‌ ചിരിക്കണമെന്നുണ്ടായിരുന്നു. മറ്റൊരാള്‍ അവളെ സ്വന്തമാക്കുമ്പോള്‍ നന്മ നേരണമെന്നുണ്ടായിരുന്നു. നീ നുള്ളി തലയില്‍ ചൂടിയ ഒരു തുളസിക്കതിരിന്റെ ഓര്‍മ്മ മാത്രമാണ്‌ എനിക്കു വേണ്ടത്‌ എന്ന്‌ പറയണമെന്നുണ്ടായിരുന്നു...പക്ഷേ അന്ന്‌ മുറിയുടെ തടവറയില്‍ സ്വയം തളച്ചിടാനെ കഴിഞ്ഞുള്ളു.
പിന്നെയും ജീവിക്കാന്‍ വേണ്ടി മനസ്സില്‍ സൂക്ഷിച്ച ഒരു മോഹമുണ്ടായിരുന്നു-
ഏതെങ്കിലും ഒരു സന്ധ്യയില്‍ ഒരിക്കല്‍ക്കൂടി അവളെ കാണണം. അവളുടെ കൂടെ അവളുടെ പുരുഷനും, ഓമനത്തമുള്ള കുട്ടികളും ഉണ്ടാവണം. തന്നെക്കാണുമ്പോള്‍ അവളുടെ കണ്ണുകളില്‍ പരിചയം ഉണ്ടാവരുത്‌. തിരിച്ചറിയുമ്പോള്‍ അവളുടെ ചുണ്ടിന്റെ കോണില്‍ പുച്ഛം നിറഞ്ഞ ചിരി പരക്കണം. അതോര്‍ത്ത്‌ അവളെ മറക്കണം.

ആ ആഗ്രഹം ഇനി സാധിക്കുമെന്ന്‌ തോന്നുന്നില്ല. ഡയറിയടച്ച്‌ അയാളെഴുന്നേറ്റു. അലമാരിതുറന്നപ്പോള്‍ വലത്തേകോണില്‍ സൂക്ഷിച്ച ഉറക്കഗുളികകളുടെ ഡപ്പിയില്‍ കൈതടഞ്ഞു.

അവളോടുപോലും പറയാതെ മനസ്സില്‍ കൊണ്ടുനടന്ന മറ്റൊരു മോഹമുണ്ടായിരുന്നു... ഇടിമിന്നലേറ്റ് മരിക്കണം. അതും ഇനി സാധിക്കില്ല.

ജനാലയിലൂടെ വീശിയ കാറ്റില്‍ ഡയറിയുടെ താളുകള്‍ മറിഞ്ഞു. അരവിന്ദിന്റെ ഡയറിയില്‍ പിന്നീട് അക്ഷരങ്ങള്‍ ഉണ്ടായിരുന്നില്ല.

7 comments:

  1. നല്ല വായനാ സുഖമുള്ള എഴുത്ത് സുഹൃത്തെ. ആശംസകള്‍

    ReplyDelete
  2. 'കരയാതെ കോലായില്‍ തനിച്ചിരുന്ന എന്നെ കെട്ടിപ്പിടിച്ച്‌ മുത്തശ്ശന്‍ കരഞ്ഞിട്ടുണ്ട്. ആ മുത്തശ്ശന്‍ മരിച്ചപ്പോള്‍ മാത്രമാണ്‌ ഞാന്‍ കരഞ്ഞത്‌...പന്ത്രണ്ട്‌ വര്‍ഷങ്ങള്‍ക്കുമുമ്പ്‌'

    'അരവിന്ദിന്റെ ഡയറിയില്‍ പിന്നീട് അക്ഷരങ്ങള്‍ ഉണ്ടായിരുന്നില്ല. '

    എന്തൊരു ഒതുക്കം..!!

    ReplyDelete
  3. നല്ല എഴുത്തു, ആശം സകൾ

    ReplyDelete
  4. നന്ദി....
    കാസിം തങ്ങള്‍,
    വഴിപോക്കന്‍,
    വയനാടന്‍

    ReplyDelete
  5. ശ്ശൊ! ഇങ്ങനെ അവസാനിപ്പിക്കെണ്ടായിരുന്നു.
    നന്നായി എഴുതിയിരിക്കുന്നു..

    ReplyDelete
  6. നന്ദി പറയില്ലെങ്കില്‍ ഒരു കാര്യം പറയാം...


    ആസ്വദിച്ചു വായിച്ചു....

    :)

    ReplyDelete
  7. നന്ദി, സ്മിതാ ആദര്‍ശ്‌
    മലയാളിയോട്‌ നന്ദിയുണ്ട്‌, പക്ഷെ...
    പറയില്ല.

    ReplyDelete