
അച്ചന്റെ
അടയാളങ്ങള്‍ കരിഞ്ഞ,
അമ്മയുടെ
വിചാരണ കഴിഞ്ഞ,
സന്ധ്യയിലാണ്...
അവനടുത്തു വന്നത്.
കൗമാരത്തിന്റെ
കനലിലവന്‍ തൊട്ടപ്പോള്‍
ആളിയതേയുള്ളു.
അവന്റെ കൈവെള്ളയില്‍
ഭാവിയുടെ
സഞ്ചാര പഥങ്ങള്‍.
വെള്ളത്താടിക്കിടയിലെ
സിംഹഗര്‍ജനത്തില്‍
ലക്ഷ്യമറിഞ്ഞു.
കണ്ണിലെ മിന്നല്‍വെട്ടം
വഴിതെളിച്ചു.
അവന് കാട്ടിത്തന്നു-
ആയുധപ്പുരകള്‍
അതിലെ കൊടിയടയാളം.
ആ കൊടിയുടെ
അഭിമാന സ്തംഭങ്ങളില്‍
അതേ ആയുധമിടിച്ച്
തകര്‍ത്തെന്റെ
പൂര്വ്വികന് കടന്നുപോയ
കനല്‍പ്പാത.
പാലു തന്ന കൈയ്ക്ക്
കടിച്ചവനല്ല.
തെറ്റിനെ
തെറ്റ് കൊണ്ട് നേരിട്ട
ചെകുത്താന്
ഒരു ശരി, ഒരു ദൈവം
ഒരു വഴി, ഒരു ലക്ഷ്യം
പതറാതെ നേര്‍വഴിയില്‍
ഞാനെന്റെ
അന്ത്യം കുറിക്കുന്നു.
കണ്ണുകെട്ടാതെ
കണ്ണടച്ചിരുട്ടാക്കിയ
അനീതിയുടെ
ദുര്‍ദേവതകള്‍
പൊട്ടിത്തെറിക്കാന്‍...
അസ്തമയത്തില്‍
ചിതറിയൊടുങ്ങാന്‍...
ഇനിയൊരു
പകലിന്റെ ദൈര്‍ഘ്യം.
ഞാന്‍-
കാട്ടിലെയൊറ്റയാനല്ല
വിതച്ചപ്പോള്‍
മുള്ളിനിടയില്‍ വീണ
നെല്‍ വിത്തുമല്ല
വിശപ്പിനേയും
കൂരയില്ലാത്തവന്റെ
രാത്രിയേയും പരിഹസിച്ച
നീയാണെന്നെ
സൃഷ്ടിച്ച ദൈവം.