
സോണീ *
ഡിസംബര്‍ എട്ടിന്റെ
വളവുകളിലൂടെ
നീ നടന്നുപോയത്
എവിടേയ്ക്കാണ്?
അച്ഛന്റെ കാത്തിരിപ്പും
അമ്മയുടെ കണ്ണീരും
പെണ്ണിന്റെ നെടുവീര്‍പ്പും
കുഞ്ഞുങ്ങളുടെ
നിലവിളികളുമറിയാതെ
നീ പോയത്-
കുടജാദ്രിയുടെ തണുത്ത
മൗനത്തിലലിയാനോ
വാര്‍ത്തകള്‍ പൊട്ടുന്ന
മഞ്ചാടിക്കാട്ടിലെ
കുയിലിന്റെ പാട്ടും
കൂമന്റെ കുറുകലും
എന്നിലെത്തിക്കാനോ
കാത്തിരിക്കുന്നവരുടെ
കണ്ണിലെ നക്ഷത്രങ്ങള്‍
കാണാതെ പോവരുത്
നീ വരുമെന്ന്
മഴ പറഞ്ഞു.
കാട്ടിലലഞ്ഞ്
നീര്‍വേലിയിലെത്തിയ
ശ്രീരാമചന്ദ്രനും.
ഡിസംബര്‍
വീണ്ടും വരുന്നു.
നിന്നെ കൂട്ടിക്കൊണ്ട്
വരുമെന്ന്
ഞങ്ങള്‍ സ്വപ്നം കാണുന്ന
ഡിസംബര്‍.
നീ വരുന്ന ഡിസംബര്‍.
ചിരിക്കുന്ന കണ്ണുകളൂം,
മൊഴിയിലെ
മലയാളത്തികവുമായി
നീ വരിക..
തുറന്നേ കിടക്കുന്നു
മനസിന്റെ വാതിലുകള്‍.
*സോണി എം ഭട്ടതിരിപ്പാട്
മനോരമ ചാനലിലും, ഇന്‍ഡ്യാവിഷനിലും വാര്‍ത്താലേഖകനായിരുന്നു. കഴിഞ്ഞ ഡിസംബര്‍ എട്ടിനു കാണാതായി.