കണ്ണുകളുടെ കാഴ്ചയ്ക്ക്‌ പരിധിയുണ്ടെന്നറിയാം, പരിമിതികളും...
എന്നാലും... ഈ കണ്ണുകളിലൂടെയാണ്‌ അമ്മയെ കണ്ടത്‌, ആകാശം കണ്ടത്‌ നിലാവും,നിഴലും,നിറങ്ങളും ചോരയുടെ ചുവപ്പും കണ്ടത്‌
പിന്നെ...... നിന്നെ കണ്ടത്‌

24 November 2009

നീ വരുന്ന ഡിസംബര്‍
സോണീ *
ഡിസംബര്‍ എട്ടിന്റെ
വളവുകളിലൂടെ
നീ നടന്നുപോയത്
എവിടേയ്ക്കാണ്‌?

അച്ഛന്റെ കാത്തിരിപ്പും
അമ്മയുടെ കണ്ണീരും
പെണ്ണിന്റെ നെടുവീര്‍പ്പും
കുഞ്ഞുങ്ങളുടെ
നിലവിളികളുമറിയാതെ
നീ പോയത്-

കുടജാദ്രിയുടെ തണുത്ത
മൗനത്തിലലിയാനോ
വാര്‍ത്തകള്‍ പൊട്ടുന്ന
മഞ്ചാടിക്കാട്ടിലെ
കുയിലിന്റെ പാട്ടും
കൂമന്റെ കുറുകലും
എന്നിലെത്തിക്കാനോ

കാത്തിരിക്കുന്നവരുടെ
കണ്ണിലെ നക്ഷത്രങ്ങള്‍
കാണാതെ പോവരുത്

നീ വരുമെന്ന്
മഴ പറഞ്ഞു.
കാട്ടിലലഞ്ഞ്
നീര്‍വേലിയിലെത്തിയ
ശ്രീരാമചന്ദ്രനും.

ഡിസംബര്‍
വീണ്ടും വരുന്നു.
നിന്നെ കൂട്ടിക്കൊണ്ട്
വരുമെന്ന്
ഞങ്ങള്‍ സ്വപ്നം കാണുന്ന
ഡിസംബര്‍.
നീ വരുന്ന ഡിസംബര്‍.

ചിരിക്കുന്ന കണ്ണുകളൂം,
മൊഴിയിലെ
മലയാളത്തികവുമായി
നീ വരിക..
തുറന്നേ കിടക്കുന്നു
മനസിന്റെ വാതിലുകള്‍.

*സോണി എം ഭട്ടതിരിപ്പാട്
മനോരമ ചാനലിലും, ഇന്‍ഡ്യാവിഷനിലും വാര്‍ത്താലേഖകനായിരുന്നു. കഴിഞ്ഞ ഡിസംബര്‍ എട്ടിനു കാണാതായി.

9 comments:

 1. 1784 ലക്കം കലാകൗമുദിയുടെ കവര്‍സ്റ്റോറി.

  ReplyDelete
 2. കാണാതെ പോകുന്നവര്‍...
  മരണം വരെയും കാത്തിരിക്കാന്‍ വിധിക്കപ്പെട്ട പ്രിയപ്പെട്ടവര്‍

  ReplyDelete
 3. സോണി തിരിച്ചുവരും എന്ന് എല്ലാവരെയും പോലെ ഞാനും പ്രതീക്ഷിക്കുന്നു

  ReplyDelete
 4. കലാകൗമുദിയിലെ കവർ സ്റ്റോറി വായിച്ചിരുന്നു...ഒരാൾക്കു പൊടുന്നനെ എങ്ങനെയാണിങ്ങനെ മറഞ്ഞു പോകാനാവുക എന്നു നെഞ്ചിടിപ്പോടെ കുറേ ആലോചിച്ചു...ഈ ഡിസംബർ സോണിയെ തിരിച്ചു കൊണ്ടു വരട്ടെ എന്നു ഞാനും പ്രാർത്ഥിക്കുന്നു....

  ReplyDelete
 5. ഞാനും പ്രാർത്ഥിക്കുന്നു....
  നമുക്കെന്നും പ്രാര്‍ത്ഥനകള്‍ സ്വന്തം!!

  ReplyDelete
 6. സോണി തിരിച്ചുവരട്ടെ ...

  ReplyDelete
 7. അറിയേണ്ടതിത്ര മാത്രം-

  തെറ്റിനുനേരെ ചൂണ്ടിയ
  വിരലുകള്‍
  അറ്റുപോയില്ലന്ന്...

  നെറികേടിന്റെ
  ചുടലക്കാടിന്‌
  നീയിട്ട തീയില്‍
  നീയും
  പെട്ടുപോയില്ലന്ന്...

  നാളെയും
  ഞങ്ങളുടെ ശബ്ദമാകാന്‍
  നീ വരുമെന്ന്...

  ReplyDelete
 8. ഡിസംബര്‍ ഒന്ന്-
  ഇനി പ്രതീക്ഷനിറഞ്ഞ കാത്തിരിപ്പിന്റെ
  മുപ്പത്തിയൊന്ന് ദിവസങ്ങള്‍...

  അവന്‍ വരും.

  ReplyDelete
 9. A person can just disappear as it is. Just like stuff in stories of Anand.

  Was also reading other works. I think you haven't changed from where we were in college. Romancing the communism / socialism which is romantic system than feasible or scalable one. Might be I changed.

  Currently I am reading a book called Who Killed the Change?

  ReplyDelete