
ഉടുതുണിയഴിച്ച്
കൈത്തോട്ടില്‍ നീ
നീരാടാനിറങ്ങിയപ്പോഴാണ്
കൈതമുള്ളുകള്‍ക്കിടയിലൂടെ
എന്റെ പ്രണയം നിന്നെ തൊട്ടത്.
കൂലിപ്പണിയില്ലാത്ത
കര്‍ക്കടകത്തില്‍
എണ്ണവറ്റി തിരിയണഞ്ഞ
രാത്രിയിലാവാം
രാവുണ്ണിയുടെ വിത്തിട്ടത്.
അതല്ലേയവന്റെ
എണ്ണക്കറുപ്പില്‍
സ്നേഹം തുളുമ്പുന്നത്.
വിശന്നും, വലഞ്ഞും
ഒന്നും രണ്ടും പറഞ്ഞ്
നമ്മള്‍ പിണങ്ങിയ രാത്രിയുടെ
സന്ധി ചെയ്യലാവാം
ഗോപാലനുണ്ണി.
അതല്ലേ വിശക്കുമ്പോള്‍
അവനിത്ര വാശി.
നിലവിളികള്‍ക്കുള്ളിലെ
തിരിച്ചറിവിലാവാം
ഞാന്‍ ഇടതുപക്ഷമായത്.
മീന്‍ പിടിക്കുന്നവനും
പാല്‍ കറക്കുന്നവനും
വിളവെടുക്കുന്നവനും
വിശക്കുന്നുണ്ടെന്നും,
വിശക്കാതെയുറങ്ങുന്നവന്‍
വിയര്‍ത്തിട്ടില്ലന്നുമുള്ള
തിരിച്ചറിവ്.
നീയറിഞ്ഞിട്ടില്ല-
നിന്നേയും,
കുഞ്ഞുങ്ങളേയുമുണര്‍ത്താതെ
പട്ടിണീക്കലത്തില്‍
സമത്വത്തിന്റെ അരിയിട്ട്
വേവാനായി കാത്തിരുന്ന്
പുലര്‍ന്ന രാത്രികള്‍.
സ്വപ്നങ്ങളില്‍
നിലാവിന്റെ പാട്ടുകള്‍
വിശക്കാത്ത വയറുകള്‍
കീറാത്ത ഉടുപ്പുകള്‍
നനയാത്ത കുടിലുകള്‍
അകലെയകലെയൊരു
നക്ഷത്രം കണ്ണിറുക്കുന്നു
"ഞാന്‍ നിന്റെ സ്വപ്നങ്ങളുമായി
മുന്‍പേ പോന്നവന്‍."