
ഉറക്കമില്ലാത്ത പകലുകളും രാത്രികളും ആവര്‍ത്തിക്കപ്പെടുന്നു. ഇപ്പൊള്‍ സ്വപ്നങ്ങളും.
മിന്നീ,
ആകാശത്തിനു താഴെ നമുക്ക്, പടര്‍ന്നു നില്‍ക്കുന്ന ഒരു അരയാലിന്റെ കുട. മലഞ്ചെരിവിലെവിടെയോ ഒരു കുടി. കൂട്ടിനു നിലാവുള്ള രാത്രിയില്‍ പൂക്കുന്ന മുല്ലയും ആമ്പലും. മഞ്ഞ മുളങ്കാടിന്റെ താരാട്ടു പാട്ടുകള്‍. കാവിനുള്ളില്‍ പൂചിതറുന്ന മരങ്ങളും, കിളികളും, ഒറ്റതിരി വിളക്കും.
ഞാനെന്റെ ഭ്രാന്തന്‍ സ്വപ്നങ്ങള്‍കൊണ്ട് അത്തപ്പൂവിടുകയാണ്. നീയെവിടെ, ഒരു ഉരുളച്ചോറും, ഒരു കൂട്ടാനും, ഒരുപാട് സ്നേഹവുമായി നമുക്ക് ഓണമുണ്ണണ്ടേ. തൂശനിലയിട്ട് തുമ്പിക്കും, നക്ഷത്രങ്ങള്‍ക്കും,കുറിഞ്ഞിക്കും, കൂട്ടുകാര്‍ക്കുമൊക്കെ വിളമ്പിക്കൊടുക്കേണ്ടേ.
മാവിന്റെ കൊമ്പത്തൊരു ഊഞ്ഞാല് കെട്ടെണ്ടേ. തുമ്പി തുള്ളുന്ന മനസും, പൂക്കുലയും, ഓണപ്പാട്ടുമായി പിന്നെയും വരുവാനിരിക്കുന്ന ഓണങ്ങള്‍ക്കായി കാത്തിരിക്കേണ്ടേ.
മിന്നീ, സ്വപ്നങ്ങളാണൊക്കയും. സ്വപ്നവും, സത്യവും തമ്മില്‍ ഒരുപാട് അകലമുണ്ടെന്നും, കാല്പനികതയും കവിതയുമല്ല ജീവിതമെന്നും ഒക്കെ എനിക്കറിയാം. ' നാളെ ' എന്ന വാക്ക് എന്നെ പേടിപ്പിക്കുന്നുമുണ്ട്.
അതിനെക്കുറിച്ചൊന്നും ഓര്‍ക്കുന്നില്ല. എനിക്കീ സ്വപ്നങ്ങളുടെ പൂക്കളം മതി. എന്നും നീ കൂടുണ്ടാവുമെന്ന വാക്കിന്റെ വിശുദ്ധി മതി. നിന്റെ കണ്ണുകളിലെ തിരുവതിരയുടെ താളം മതി. ഒരുപാടു സ്നേഹത്തിന്റെ ഓണക്കാഴ്ചകളുമായി....