
ഏറെ നാളിനു ശേഷം
കവലയില്‍
വണ്ടിയിറങ്ങുമ്പോള്‍
ചുറ്റിലും നോക്കി
-അച്ഛനെവിടെ....?
ഇവിടെയുണ്ടാവേണ്ടതാണ്-
ഈ വഴിവിളക്കിന്റെ
ഇത്തിരി വെട്ടത്തുനിന്നും
ക്യൂബയിലും
വിയറ്റ്നാമിലും പോയി,
ആഗോളസാമ്പത്തികം
അരിച്ചുപെറുക്കി
അമേരിക്കയുടെ ധാര്‍ഷ്ട്യത്തില്‍
അമര്‍ഷം പൂണ്ട്
ഇവിടെയുണ്ടാവേണ്ടതാണ്-
വീട്ടില്‍ കാണില്ല-
അച്ഛനും ഞാനും
വീട്ടിലിരിക്കാറില്ലല്ലോ
ചോദിച്ചു നോക്കി-
ഇന്നലെ കണ്ടെന്നു ചിലര്‍
ഇവിടെയുണ്ടായിരുന്നെന്നു പലര്‍
പെന്‍ഷനാഫീസില്‍ വിളിച്ചപ്പോള്‍
വന്നിട്ടില്ലെന്നു അപ്പുമാഷ്
വാക്കിലെ
വിങ്ങലറിയാതെ ഞാന്‍
വീട്ടിലേയ്ക്കുള്ള വഴി
പാര്‍ട്ടിയാഫീസില്‍ കേറി
അവിടെയിരിക്കുന്നു-
ചുവരിലൊരു ചിത്രമായി
മാലയുമിട്ടിട്ടുണ്ട്.
കണ്ണീര്‍ മറച്ച്
നരേന്ദ്രന്‍ സഖാവ്
മുഷ്ടി ഉയര്‍ത്തി
ഞാനും ഉയര്‍ത്തിപ്പോയി
- ലാല്‍സലാം.