കണ്ണുകളുടെ കാഴ്ചയ്ക്ക്‌ പരിധിയുണ്ടെന്നറിയാം, പരിമിതികളും...
എന്നാലും... ഈ കണ്ണുകളിലൂടെയാണ്‌ അമ്മയെ കണ്ടത്‌, ആകാശം കണ്ടത്‌ നിലാവും,നിഴലും,നിറങ്ങളും ചോരയുടെ ചുവപ്പും കണ്ടത്‌
പിന്നെ...... നിന്നെ കണ്ടത്‌

12 June 2009



രാഷ്ട്രീയം പറയാതിരിക്കുന്നതെങ്ങനെ?

തൊലി പൊളിഞ്ഞ
യൂക്കാലിപ്‌റ്റസ്
ഇല്ലാത്ത ഇലച്ചാര്‍ത്താല്‍
നഗ്നത മറയ്ക്കാന്‍ ശ്രമിക്കുമ്പോള്‍

രാഷ്ടീയം പറയാതിരിക്കുന്നതെങ്ങനെ?

വാക്കു തന്നവര്‍
തെരുവില്‍ കുരച്ചു ചാടുമ്പോള്‍
ഇല്ലാത്ത എല്ലിനായി
കടിപിടികൂട്ടുമ്പോള്‍

രാഷ്ട്രീയം പറയാതിരിക്കുന്നതെങ്ങനെ?

കൊടി പിടിച്ച്‌
ചോരതുപ്പി മരിച്ച മുത്തച്ചന്‍
ചുവന്ന മാലയ്ക്കപ്പുറം നിന്ന്‌
ചുവന്ന കണ്ണുകളോടെ നോക്കുമ്പോള്‍

മൗനിയാകുന്നതെങ്ങനെ?

രക്തസാക്ഷികുടീരങ്ങളില്‍
നിലവിളി ഉയരുമ്പോള്‍

കേള്‍ക്കാതിരിക്കുന്നതെങ്ങനെ?














പള്ളിക്കൂടം തുറക്കുമ്പോള്‍

മഴ നിറഞ്ഞ ഇടവഴികള്‍
നീല നിക്കര്‍ നനക്കാന്‍
കൈനീട്ടി നില്‍ക്കുന്ന
കമ്മ്യൂണിസ്റ്റ്പച്ചകള്‍

മഴ മായിച്ച ഗ്രഹപാഠം
മറിയാമ്മ ടീച്ചറിന്റെ
കണ്ണിലെ
കാര്‍മേഘങ്ങള്‍

------പുറത്ത്
സ്കൂള്‍ ബസിന്റെ ഇരമ്പം
ടൈ ചെയ്തതു ശരിയായില്ല
ഷൂ പോളീഷു ചെയ്തില്ല
മകന്റെ കുഞ്ഞിക്കണ്ണില്‍
പുതിയ കാലത്തിന്റെ
മഴ പൊട്ടുന്നു