കണ്ണുകളുടെ കാഴ്ചയ്ക്ക്‌ പരിധിയുണ്ടെന്നറിയാം, പരിമിതികളും...
എന്നാലും... ഈ കണ്ണുകളിലൂടെയാണ്‌ അമ്മയെ കണ്ടത്‌, ആകാശം കണ്ടത്‌ നിലാവും,നിഴലും,നിറങ്ങളും ചോരയുടെ ചുവപ്പും കണ്ടത്‌
പിന്നെ...... നിന്നെ കണ്ടത്‌

05 March 2015

ഭീകരതയോട്


ഇന്നലെയും 
കടൽത്തീരം ചുവന്നിട്ടും,
നിഷ്കളങ്കത 
നിലവിളിക്കാതെ ഒടുങ്ങിയിട്ടും 
നിന്നിൽ ചോദ്യങ്ങൾ 
അവശേഷിക്കുന്നതെന്ത് ?

സഹോദരാ,

നീയെങ്ങനെയാണ്
നിന്നെ ന്യായീകരിക്കുന്നത് !

നിന്നോട്  ദൈവം  പറഞ്ഞുവോ -

ഉടലുകളില്ലാത്ത 
തലകൾ കൊണ്ട്  
ബലിയർപ്പിക്കുവാൻ .

നിന്നെയുമെന്നേയും 

പുല്ലിനേയും പൂവിനേയും 
കിളിയേയും മരത്തേയും 
സൃഷ്ടിച്ചു പരിപാലിക്കുന്ന 
കനിവുള്ള ദൈവം 
അങ്ങനെ പറഞ്ഞുവോ !

അനന്തതയേയും ,

ആകാശഗോളങ്ങളേയും 
കൃത്യമായ ചരടിൽ കോർത്ത് 
ചലിപ്പിക്കുന്ന 
ശക്തനായ ദൈവം 
നിന്നോട്  ചോദിച്ചുവോ
നിഷ്കളങ്കൻറെ രക്തം  !

കുഞ്ഞുങ്ങളുടെ നിലവിളി 

കൊതിക്കുന്നതൊരിക്കലും 
ദൈവമാവില്ല .

കരുണയോടെ സംരക്ഷിക്കുകയും 

ഇലകൊഴിയുംപോലെയടർത്തി
തന്നിലേയ്ക്ക്   ചേർക്കുകയും
ചെയ്യുന്നവനാണ്  ദൈവം .

കൂട്ടുകാരാ,

നീയറിയുന്നുവോ..
ശിരസ്സറ്റ ജഡത്തെ ധീരനെന്നും
നിന്നെ ഭീരുവെന്നും 
കാലം അടയാളപ്പെടുത്തുന്നത് . 
     

12 February 2015

പൂക്കരുതിനി കറുത്ത പൂക്കൾ



ഓരോ  ജീവനും
നിലവിളിച്ച്  ഒടുങ്ങുമ്പോൾ

ലഹരിയുടെ  തീരത്തുമാത്രം

പൂക്കുന്ന
നീലക്കടമ്പിനെക്കുറിച്ചും ,
വയലറ്റ്  പൂക്കളെക്കുറിച്ചും
വാഴ്ത്തിപ്പാടിയവരൊക്കെ
കുമ്പസാരിച്ചേ  മതിയാവൂ

തനിച്ചാണെന്ന മുറിവിലേയ്ക്ക് ..

തഴയപ്പെട്ടു എന്ന നോവിലേയ്ക്ക്
ലഹരിയുടെ തുള്ളിയിറ്റിച്ച്
മറവിയെ കൊണ്ടു വന്നവരൊക്കെ
കുറ്റമേറ്റ്  പറഞ്ഞേ മതിയാവൂ

ഒരു നാടിൻറെ  പ്രതീക്ഷകളെ ..

നാളെയുടെ വിശപ്പകറ്റാനുള്ള
അദ്ധ്വാനശക്തിയെ
ലഹരിയുടെ കയത്തിലേയ്ക്ക്
വലിച്ചടുപ്പിച്ച്  കൊന്നവരൊക്കെ
സ്വയം കുരിശേറ്റിയേ മതിയാവൂ

- ലഹരി വളർത്തി വിളയിച്ച നീ

കർഷകനാണെങ്കിലും ..
കൈമാറി കൈമാറി
അവനിലെത്തിച്ച നീ
കച്ചവടക്കാരനാണെങ്കിലും ..
കഥയും കവിതയും എഴുതി
ആകാശവും അദ്ഭുതവും കാണിച്ച്
അതിലേയ്ക്കെത്തിച്ച നീ
സാഹിത്യകാരനാണെങ്കിലും ..

നശിച്ചേ മതിയാവൂ


കാരണം

നീ നശിപ്പിച്ചത്
നാളെയുടെ സ്വപ്നങ്ങളെയാണ് .
തീയും ചക്രവും ഉണ്ടാക്കി
ആകാശവും കടന്ന്
അനന്തതയെ കീഴടക്കിയ
മനുഷ്യൻറെ ആത്മബോധത്തെയാണ് .

02 July 2014

ബ്രസൂക്ക


ഒരു കപ്പൽ ഛേതത്തിലെന്നപോലെ
തകർന്നു പോയ പോർട്ടുഗൽ
ക്രിസ്റ്റ്യാനോയെന്ന കപ്പിത്താന്റെ
കടൽ പരിചയവും, താണ്ടിയ
നീരാളി ദൂരങ്ങളും ഇനി
കഥകളാവുന്ന ചരിത്രത്തിൽ മാത്രം.

സാമ്രാജ്യത്തിൽ

സൂര്യനസ്തമിക്കാത്തപ്പോഴും
ഒരു മഴവില്ല് വരക്കുവാനാളില്ലാതെ
ക്യാൻ വാസിൽ നിന്നും
നിഷ്കാസനം ചെയ്യപ്പെട്ട ഇംഗ്ളണ്ട് .

ഉറക്കത്തിന്റെ മൂടൽ മഞ്ഞിലൂടെ

പിന്നെയും പാതിരാക്കാഴ്ച്ചകൾ
ആരവങ്ങളും കണ്ണീരും നിറഞ്ഞ
പച്ചപ്പുൽ പാടങ്ങൾ

വലയ്ക്കുമുമ്പിൽ

ന്രുത്തമാടിയ ഒച്ചോവ
കലി കടിച്ചു തീർത്ത സുവാരസ്
ശ്വാസം മുട്ടി മരിച്ച കുഞ്ഞിനെപ്പോലെ
അവസാന വിസിലിൽ പിടഞ്ഞ
ബെൻസേമയുടെ പിറക്കാതെ പോയ  ഗോൾ.

ഏഴാം 
ക്ളാസിൽ  
ആനിയോട് പറയാതെ പോയ
പ്രണയം പോലെ
ഹൾക്കിന്റെ
റഫറി കാണാത്ത ഗോൾ.

ഇനിയും കാത്തിരുപ്പാണ്‌

ഇടവേളയ്ക്കു ശേഷം
ബ്രസൂക്കയുടെ ചലനങ്ങളിൽ
നെഞ്ചിടിപ്പ് ചേർത്ത്
ഉറക്കത്തിനും ഉണർവിനുമിടയിൽ
നൊടിയിട ശ്വസിക്കാൻ മറന്ന്
ഭൂപടത്തിലെ അതിരുകൾ മായ്ച്ച്
ഒരു കുഴൽ വിളിയാകാൻ.

ജൂലൈ പതിനാലിന്റെ

പുലരിയിൽ
റിയോ ഡി ജനീറോയിൽ
ആരവങ്ങളൊതുങ്ങുമ്പോൾ
വീണ്ടും വിശപ്പിലേയ്ക്കും
കെട്ടിക്കിടക്കുന്ന
ഓഫീസ് ഫയലുകളിലേയ്ക്കും
തിരിച്ചു നടക്കാം.

11 June 2014

കാനറികൾക്ക് ഒരു കവിത













ബ്രസീൽ-
എന്താണിത്ര നിന്നെ
സ്നേഹിച്ചു പോവാൻ.

കാപ്പിയും കരിമ്പും

വിളയുന്ന മണ്ണിന്റെ
വളക്കൂറല്ല

അധിനിവേശങ്ങളെ
ചെറുത്തു തോല്പ്പിക്കുന്ന
ചങ്കൂറ്റമല്ല

കോപ്പാ കബാനയിലെ

അർദ്ധനാരീ
സൗന്ദര്യങ്ങളല്ല

സാംബാ താളത്തിൽ
ഉണർന്നുപോവുന്ന
ഉന്മത്തതയല്ല

ഒരു കളി

ഞരമ്പുകളിൽ നിറഞ്ഞ്
കാഴ്ചയും കേൾവിയും
ചേതനയുമാകുന്ന
മാന്ത്രികത കണ്ടാണ്‌
ആമസോൺ കടന്നെന്റെ
കപ്പലുകൾ
നിന്റെ തീരത്ത്‌
നങ്കൂരമിട്ടത്

ബ്രസീൽ-
ഊണും ഉറക്കവും
കപ്പം കൊടുത്തിവർ
കാത്തിരിക്കുന്നത്‌
നീ കപ്പുയർത്തുന്ന
നിമിഷങ്ങൾക്ക് വേണ്ടിയാണ്‌

വിശപ്പിന്റെയും നോവിന്റെയും
മുറിവുകളുണങ്ങാൻ
പ്രതിഷേധങ്ങളുടെ
കൊടുങ്കാറ്റൊതുങ്ങാൻ
കാൽ പന്തിലെ കവിത
കാലങ്ങൾ കടക്കാൻ
ഒരൊറ്റ ജനതയായി
ബ്രസീൽ ഉണരുന്നത് കാണാൻ
അതിനുവേണ്ടി മാത്രം

സാന്റിയാഗോ-
നീ കണ്ടെത്തിയ
ആൽകെമി
ഈ കളിയുടെ
നിത്യതയ്ക്കേകുക

ആയിരം സ്വപ്നങ്ങളുടെ
അമരത്വത്തിന്‌
അടിച്ചമർത്തപ്പെട്ടവന്റെ
അതിജീവനത്തിന്‌
ചോരചിന്തിയവന്റെ
ചിരസ്മരണയ്ക്ക്‌



നാലു വർഷങ്ങൾക്ക് മുമ്പ്
മഴ തോരാത്ത ഒരു രാത്രിയിൽ
വുവുസലെകളൊടൊപ്പം ഉറങ്ങിപ്പോയതാണു കവിത.

നാളെ-
മാറക്കാനയുടെ ആരവങ്ങളിൽ
ഉണരാതിരിക്കുമോ  ?

11 July 2010

വുവുസലെകൾ നിശ്ശബ്ദമാകുമ്പോൾ



ആഫ്രിക്കാ...,
നിന്റെ കറുപ്പ്.
നീ കുടിച്ചു വറ്റിച്ച
കടുത്ത ലഹരി.

പുലരാറായ രാത്രികളിൽ
കടലിരമ്പം പോലെ
നീയൂതിപ്പെരുപ്പിച്ച
ഉറക്കത്തെപ്പായിച്ച
കുഴൽ വിളികൾ.

വർണ്ണവിവേചനത്തിന്റെ
ഇരുണ്ട വഴികളിൽ
വർണ്ണപ്പകിട്ടിന്റെ
കുടമാറ്റങ്ങൾ

കാൽപ്പന്തിന്റെ ചടുലത
കിരീടമൂരിയ രാജാക്കന്മാർ
പുതിയ താരോദയങ്ങൾ
നോവുകൾ, ആഘോഷങ്ങൾ

ആഫ്രിക്കാ...,
വലയ്ക്ക് മുമ്പിൽ
നിന്റെ വിജയം തടഞ്ഞ
ചെകുത്താന്റെ കൈ

നീ കുഴൽ വിളിച്ചുണർത്തിയ
രാത്രികൾ
നിന്റെ നോവുകൾ
നീ തന്ന കിനാവുകൾ
അസുരതാളത്തിൽ
നീ മറക്കുന്ന വിശപ്പ്.

ആഫ്രിക്കാ...,
ഇനി
വുവുസലെയുടെ
സിംഹനാദമില്ലാതെ
എങ്ങനെയുറങ്ങും ഞാൻ.

20 March 2010

കവിയാകണമെങ്കില്‍



യലത്തെ ഔതേടെ
പശുവെന്റെ വാഴതിന്നപ്പോഴാണ്‌
ഞാനവനെ വെറുത്തുപോയത്.

വിശന്നപ്പോളവന്‍ തന്ന
കഞ്ഞിയും, കുഞ്ഞിനു തന്ന
ഉടുപ്പും കുടയും ഞാന്‍ മറന്നത്.

അഭയയുടെ മരണത്തില്‍
സംശയം തോന്നിയപ്പോഴാണ്‌
ക്രിസ്തുവിനെ മടുത്തത്.

കാല്‍വരിയില്‍ ചൊരിഞ്ഞ
സ്നേഹം മറന്ന്, അവനില്‍
നാലാമത്തെ ആണിയടിച്ചത്.

വിഗ്രഹാരാധന പാടില്ലന്നുരച്ച
ഗുരുവിന്റെ വിഗ്രഹം കണ്ടപ്പോഴാണ്‌
ഗുരുവിനെ ശപിച്ചത്.

നാലഞ്ച്‌ വിഗ്രഹം
തല്ലിയുടച്ചപ്പൊഴാണ്‌
കൈത്തരിപ്പ് തീര്‍ന്നത്.

പാര്‍ട്ടി സെക്രട്ടറിയുടെ
അഴിമതി കണ്ടാണ്‌
മാര്‍ക്സിനെ മറന്നത്.

മൂലധനം കത്തിച്ച്
കഞ്ഞിവെച്ചപ്പോഴാണ്‌
കലിയടങ്ങിയത്.

കവിയാണങ്കില്‍
കലിക്കണമെന്ന് ചിലര്‍
എറിഞ്ഞുടക്കണമെന്ന് പലര്‍.

ഞാന്‍ കവിയാണ്‌
വീണ്ടുമെന്നില്‍
കവിത പൊട്ടുന്നു.

01 March 2010

സമത്വം



ഉടുതുണിയഴിച്ച്
കൈത്തോട്ടില്‍ നീ
നീരാടാനിറങ്ങിയപ്പോഴാണ്‌
കൈതമുള്ളുകള്‍ക്കിടയിലൂടെ
എന്റെ പ്രണയം നിന്നെ തൊട്ടത്.

കൂലിപ്പണിയില്ലാത്ത
കര്‍ക്കടകത്തില്‍
എണ്ണവറ്റി തിരിയണഞ്ഞ
രാത്രിയിലാവാം
രാവുണ്ണിയുടെ വിത്തിട്ടത്.
അതല്ലേയവന്റെ
എണ്ണക്കറുപ്പില്‍
സ്നേഹം തുളുമ്പുന്നത്.

വിശന്നും, വലഞ്ഞും
ഒന്നും രണ്ടും പറഞ്ഞ്
നമ്മള്‍ പിണങ്ങിയ രാത്രിയുടെ
സന്ധി ചെയ്യലാവാം
ഗോപാലനുണ്ണി.
അതല്ലേ വിശക്കുമ്പോള്‍
അവനിത്ര വാശി.

നിലവിളികള്‍ക്കുള്ളിലെ
തിരിച്ചറിവിലാവാം
ഞാന്‍ ഇടതുപക്ഷമായത്.

മീന്‍ പിടിക്കുന്നവനും
പാല്‍ കറക്കുന്നവനും
വിളവെടുക്കുന്നവനും
വിശക്കുന്നുണ്ടെന്നും,
വിശക്കാതെയുറങ്ങുന്നവന്‍
വിയര്‍ത്തിട്ടില്ലന്നുമുള്ള
തിരിച്ചറിവ്.

നീയറിഞ്ഞിട്ടില്ല-
നിന്നേയും,
കുഞ്ഞുങ്ങളേയുമുണര്‍ത്താതെ
പട്ടിണീക്കലത്തില്‍
സമത്വത്തിന്റെ അരിയിട്ട്
വേവാനായി കാത്തിരുന്ന്
പുലര്‍ന്ന രാത്രികള്‍.

സ്വപ്നങ്ങളില്‍
നിലാവിന്റെ പാട്ടുകള്‍
വിശക്കാത്ത വയറുകള്‍
കീറാത്ത ഉടുപ്പുകള്‍
നനയാത്ത കുടിലുകള്‍

അകലെയകലെയൊരു
നക്ഷത്രം കണ്ണിറുക്കുന്നു
"ഞാന്‍ നിന്റെ സ്വപ്നങ്ങളുമായി
മുന്‍പേ പോന്നവന്‍."

08 February 2010

പ്രണയചരിതം



ന പറഞ്ഞില്ല,
ശത്രുരാജാവിനെ കൊന്നതെന്റെ
കൊമ്പിന്റെ മുനയെന്ന്.
അശ്വമുരിയാടിയില്ല,
അതിര്‍ത്തികള്‍ കീഴടക്കിയതെന്റെ
കാലിന്റെ വേഗമെന്ന്.

പടയാളിയുടെ കുടിലിലെ
നിലവിളികളും
ആനയും, കുതിരയും
അമ്പും പറയാത്ത നേരുകളും
നേടിക്കൊടുത്തത്-
ഭീരുക്കള്‍ക്ക്
പുതിയ സാമ്രാജ്യവും
ചെങ്കോലും കിരീടവും

ചക്രവര്‍ത്തിമാരെ വാഴ്ത്തുന്ന
ചരിത്രം പഠിക്കേണ്ട
നീ വാടീ, നമുക്കിനി
മലകയറാം
ധ്രുവക്കരടികളുടെ
വംശനാശത്തെക്കുറിച്ചും
ബീവറുകളുടെ
വാസസ്ഥലത്തെക്കുറിച്ചും
പറയാം

അലറുന്ന കടലിന്റെ
അടിയിലെത്തി
നക്ഷത്ര മത്സ്യങ്ങളുടെ
പവിഴക്കൂട്ടിലുറങ്ങാം

പ്രിയപ്പെട്ടവളേ
ആകാശത്തിനുമപ്പുറം പോകാം
ശനിയുടെ
വലയത്തിലൂടെ ഊര്‍ന്നിറങ്ങാം

എല്ലാം മറന്ന്
നമ്മെത്തന്നെ മറന്ന്
ചരിത്രമില്ലാത്തവരാകാം
അടയാളങ്ങള്‍
അവശേഷിപ്പിക്കാത്തവര്‍

കൈകോര്‍ത്തൊടുങ്ങുമ്പോള്‍
ലിപിയില്ലാത്ത ഭാഷയിലെഴുതാം
ആകാശം പോലെ
അവസാന കവിത

21 December 2009

നിലവിളികളുടെ താഴ്വര



മകനോടി വരുന്നു
പുതിയൊരു ഹോംസ്റ്റേയുടെ
പരസ്യവുമായി-
"അച്ഛാ, നമുക്കിവിടെ..."

ഇരുമ്പ് ഗേറ്റിന്റെ വര്‍ണ്ണചിത്രം
പെരുവിരലില്‍ നിന്നുയര്‍ത്തിയ
തരിപ്പ്, ശിരസ്സോളമെത്തുന്നു.

മകനേ, നിന്നെയൊരിക്കല്‍
അച്ഛനവിടെ കൊണ്ടുപോകും.
പട്ടുമെത്തയില്‍ ഉറങ്ങാനല്ല

കുന്നിന്‍ മുകളില്‍ നിന്ന്
നീ കാണണം-
താഴ്വരയിലെ പച്ചപ്പല്ല
ചുവന്നുപൂത്ത വാകമരങ്ങളെ.

ആ ചുവപ്പ്
മുത്തച്ഛന്റെ നെഞ്ചിലെ
വിടരാതെ പോയ
മുദ്രാവാക്യമാണ്‌

ചൂളമരത്തില്‍ ചാരിനിന്ന്
നീ കേള്‍ക്കണം-
കാറ്റിന്റെ സംഗീതമല്ല
താഴെനിന്നും ഉയരുന്ന
തലമുറകളുടെ നിലവിളി

അസ്തമയ ഭംഗിയില്‍
അലിഞ്ഞുപോവാതെ
നീ അറിയണം-
കൂലി ചോദിച്ചതിന്‌
കുന്നിന്‍ മുകളില്‍ നിന്നും
തള്ളിയിട്ടുകൊന്ന ക്രൂരത

എന്തൊക്കെ പേരിട്ട് വിളിച്ചാലും
മായാത്തൊരു പേരുണ്ടാ താഴ്വരയ്ക്ക്
നമ്മുടെ മുത്തച്ഛന്മാരുടെ
ചോരവീണ്‌ ചുവന്ന പേര്‌
' ചെമ്മണ്ണ് '

ഉണ്ണീ, നിനക്കുറങ്ങാനാവില്ലവിടെ.

24 November 2009

നീ വരുന്ന ഡിസംബര്‍




സോണീ *
ഡിസംബര്‍ എട്ടിന്റെ
വളവുകളിലൂടെ
നീ നടന്നുപോയത്
എവിടേയ്ക്കാണ്‌?

അച്ഛന്റെ കാത്തിരിപ്പും
അമ്മയുടെ കണ്ണീരും
പെണ്ണിന്റെ നെടുവീര്‍പ്പും
കുഞ്ഞുങ്ങളുടെ
നിലവിളികളുമറിയാതെ
നീ പോയത്-

കുടജാദ്രിയുടെ തണുത്ത
മൗനത്തിലലിയാനോ
വാര്‍ത്തകള്‍ പൊട്ടുന്ന
മഞ്ചാടിക്കാട്ടിലെ
കുയിലിന്റെ പാട്ടും
കൂമന്റെ കുറുകലും
എന്നിലെത്തിക്കാനോ

കാത്തിരിക്കുന്നവരുടെ
കണ്ണിലെ നക്ഷത്രങ്ങള്‍
കാണാതെ പോവരുത്

നീ വരുമെന്ന്
മഴ പറഞ്ഞു.
കാട്ടിലലഞ്ഞ്
നീര്‍വേലിയിലെത്തിയ
ശ്രീരാമചന്ദ്രനും.

ഡിസംബര്‍
വീണ്ടും വരുന്നു.
നിന്നെ കൂട്ടിക്കൊണ്ട്
വരുമെന്ന്
ഞങ്ങള്‍ സ്വപ്നം കാണുന്ന
ഡിസംബര്‍.
നീ വരുന്ന ഡിസംബര്‍.

ചിരിക്കുന്ന കണ്ണുകളൂം,
മൊഴിയിലെ
മലയാളത്തികവുമായി
നീ വരിക..
തുറന്നേ കിടക്കുന്നു
മനസിന്റെ വാതിലുകള്‍.

*സോണി എം ഭട്ടതിരിപ്പാട്
മനോരമ ചാനലിലും, ഇന്‍ഡ്യാവിഷനിലും വാര്‍ത്താലേഖകനായിരുന്നു. കഴിഞ്ഞ ഡിസംബര്‍ എട്ടിനു കാണാതായി.

20 October 2009

മനുഷ്യ ബോംബ്



അച്ചന്റെ
അടയാളങ്ങള്‍ കരിഞ്ഞ,
അമ്മയുടെ
വിചാരണ കഴിഞ്ഞ,
സന്ധ്യയിലാണ്‌...
അവനടുത്തു വന്നത്.

കൗമാരത്തിന്റെ
കനലിലവന്‍ തൊട്ടപ്പോള്‍
ആളിയതേയുള്ളു.
അവന്റെ കൈവെള്ളയില്‍
ഭാവിയുടെ
സഞ്ചാര പഥങ്ങള്‍.

വെള്ളത്താടിക്കിടയിലെ
സിംഹഗര്‍ജനത്തില്‍
ലക്‌ഷ്യമറിഞ്ഞു.
കണ്ണിലെ മിന്നല്‍വെട്ടം
വഴിതെളിച്ചു.

അവന്‍ കാട്ടിത്തന്നു-
ആയുധപ്പുരകള്‍
അതിലെ കൊടിയടയാളം.

ആ കൊടിയുടെ
അഭിമാന സ്തംഭങ്ങളില്‍
അതേ ആയുധമിടിച്ച്
തകര്‍ത്തെന്റെ
പൂര്‍വ്വികന്‍ കടന്നുപോയ
കനല്‍പ്പാത.

പാലു തന്ന കൈയ്ക്ക്
കടിച്ചവനല്ല.
തെറ്റിനെ
തെറ്റ് കൊണ്ട് നേരിട്ട
ചെകുത്താന്‍

ഒരു ശരി, ഒരു ദൈവം
ഒരു വഴി, ഒരു ലക്‌ഷ്യം
പതറാതെ നേര്‍വഴിയില്‍
ഞാനെന്റെ
അന്ത്യം കുറിക്കുന്നു.

കണ്ണുകെട്ടാതെ
കണ്ണടച്ചിരുട്ടാക്കിയ
അനീതിയുടെ
ദുര്‍ദേവതകള്‍
പൊട്ടിത്തെറിക്കാന്‍...
അസ്തമയത്തില്‍
ചിതറിയൊടുങ്ങാന്‍...
ഇനിയൊരു
പകലിന്റെ ദൈര്‍ഘ്യം.

ഞാന്‍-
കാട്ടിലെയൊറ്റയാനല്ല
വിതച്ചപ്പോള്‍
മുള്ളിനിടയില്‍ വീണ
നെല്‍ വിത്തുമല്ല

വിശപ്പിനേയും
കൂരയില്ലാത്തവന്റെ
രാത്രിയേയും പരിഹസിച്ച
നീയാണെന്നെ
സൃഷ്ടിച്ച ദൈവം.

04 October 2009

ജ്യോനവന്‌



കടലിനക്കരെ നീയും
ഇക്കരെ ഞാനും

നമ്മെയൊന്നിപ്പിച്ച
അക്ഷരപ്പാലം

നീയറിയാതെ
നിന്റെ പൊട്ടക്കലത്തില്‍ നിന്ന്
നിറച്ചുണ്ടിട്ടുണ്ട് ഞാന്‍

അവസാന വരികളില്‍
കുരുങ്ങിപ്പോകുന്നു.

നീ-
നാളയെ കണ്ടവന്‍.

നിന്റെ പേരിവിടെ ബാക്കി
നീ വിതച്ച അക്ഷരങ്ങളില്‍
ചിന്തയുടെ നൂറുമേനി വിളഞ്ഞ
പാടങ്ങള്‍
കൊയ്യാതെ ബാക്കി
നീ മൂളിത്തന്ന
വയല്‍പ്പാട്ട് ബാക്കി

ഞങ്ങള്‍
കാത്തുവെയ്ക്കുന്നു
നിന്നെ...
നീ തന്ന ചിന്തയെ...

നീ-
വരും കാലത്തിന്റെ കവി.

30 September 2009

തേക്കടി



മരണം
വെള്ളത്തിനടിയില്‍
ഒളിച്ചിരുന്നു

ബോട്ട് വന്നപ്പോള്‍
കുത്തിമറിച്ച്,
ചിലരെ
തിരിഞ്ഞു കളഞ്ഞ്‌
ചിലരെ
തിരഞ്ഞെടുത്ത്
കൊണ്ട്പോയി

നമുക്കറിയാത്ത
അവന്റെ കൊട്ടാരം
കടലിനടിയിലോ,
ആകാശത്തിനുമപ്പുറത്തോ?

ഇന്നലെ,
നീ കൊന്ന ഉറുമ്പും,
നാളെ ചെരിയുന്ന ആനയും
നീയും, ഞാനും
ചെന്നെത്തുന്നിടം.

24 September 2009

അവിടെയും വെള്ളമുണ്ട്



നിലാവൊഴുകിയ
പുഴയിലവള്‍
നീരാട്ടിനിറങ്ങിയപ്പോള്‍

അമ്പിളിയമ്മാവനും
പ്രണയിച്ചിട്ടുണ്ടാവണം

അതല്ലേ
അങ്ങേരടെ ഉള്ളിലും
ഒരു നീരോട്ടം.

23 September 2009

തര്‍പ്പണം



കൈയിലോ തുടയിലോ
ചുവന്നു തിണര്‍ത്ത പാടായി
അച്ഛന്റെ കൈക്കരുത്ത്‌
ഞാനറിഞ്ഞിട്ടില്ല

അത്‌ ഞാനറിഞ്ഞത്‌-
തെയിലത്തോട്ടത്തിലെ
തൊഴിലാളി സമരത്തില്‍
മുതലാളിയുടെ ഗുണ്ടകളെ
നേരിടുന്നത്‌ കണ്ടപ്പോഴാണ്‌

അച്ഛന്റെ ശബ്ദം
അമ്മയുടെയോ
എന്റെയോ
ഉറക്കം ഞെട്ടിച്ചിട്ടില്ല

അതുയര്‍ന്നു കേട്ടത്‌-
മലകളെ നടുക്കിയ
മുദ്രാവാക്യത്തിരയില്‍
നേരുയര്‍ന്നപ്പോഴാണ്‌

എങ്ങോട്ടെന്നില്ലാതെ
പടിയിറങ്ങുമ്പോഴും
അച്ഛന്റെ കണ്ണുകള്‍
തടുത്തു നിര്‍ത്തിയിട്ടില്ല

ആ നോട്ടം
കൊളുത്തി വലിക്കുന്നത്‌
ഇപ്പോള്‍-
പൂവുകള്‍ കരിഞ്ഞു തുടങ്ങിയ
കല്ലറയ്ക്കു മുമ്പില്‍
കുമ്പിട്ടു നില്‍ക്കുമ്പോഴാണ്‌

നാട്ടുകാരെന്നെക്കുറിച്ച്‌
നല്ലതൊന്നേ പറഞ്ഞിട്ടുള്ളു
'വര്‍ഗ്ഗീസിന്റെ മകന്‍'
വീണ്ടുമത്‌ കേള്‍ക്കുവാന്‍
വഴിയിലേയ്ക്കിറങ്ങുന്നു

15 September 2009

ലാല്‍സലാം



ഏറെ നാളിനു ശേഷം
കവലയില്‍
വണ്ടിയിറങ്ങുമ്പോള്‍
ചുറ്റിലും നോക്കി
-അച്ഛനെവിടെ....?

ഇവിടെയുണ്ടാവേണ്ടതാണ്‌-

ഈ വഴിവിളക്കിന്റെ
ഇത്തിരി വെട്ടത്തുനിന്നും
ക്യൂബയിലും
വിയറ്റ്നാമിലും പോയി,
ആഗോളസാമ്പത്തികം
അരിച്ചുപെറുക്കി
അമേരിക്കയുടെ ധാര്‍ഷ്ട്യത്തില്‍
അമര്‍ഷം പൂണ്ട്
ഇവിടെയുണ്ടാവേണ്ടതാണ്‌-

വീട്ടില്‍ കാണില്ല-
അച്ഛനും ഞാനും
വീട്ടിലിരിക്കാറില്ലല്ലോ

ചോദിച്ചു നോക്കി-
ഇന്നലെ കണ്ടെന്നു ചിലര്‍
ഇവിടെയുണ്ടായിരുന്നെന്നു പലര്‍
പെന്‍ഷനാഫീസില്‍ വിളിച്ചപ്പോള്‍
വന്നിട്ടില്ലെന്നു അപ്പുമാഷ്
വാക്കിലെ
വിങ്ങലറിയാതെ ഞാന്‍

വീട്ടിലേയ്ക്കുള്ള വഴി
പാര്‍ട്ടിയാഫീസില്‍ കേറി
അവിടെയിരിക്കുന്നു-
ചുവരിലൊരു ചിത്രമായി
മാലയുമിട്ടിട്ടുണ്ട്.

കണ്ണീര്‍ മറച്ച്
നരേന്ദ്രന്‍ സഖാവ്
മുഷ്ടി ഉയര്‍ത്തി
ഞാനും ഉയര്‍ത്തിപ്പോയി
- ലാല്‍സലാം.