കണ്ണുകളുടെ കാഴ്ചയ്ക്ക്‌ പരിധിയുണ്ടെന്നറിയാം, പരിമിതികളും...
എന്നാലും... ഈ കണ്ണുകളിലൂടെയാണ്‌ അമ്മയെ കണ്ടത്‌, ആകാശം കണ്ടത്‌ നിലാവും,നിഴലും,നിറങ്ങളും ചോരയുടെ ചുവപ്പും കണ്ടത്‌
പിന്നെ...... നിന്നെ കണ്ടത്‌

04 August 2009

വഴിതെറ്റിയ ചോദ്യങ്ങള്‍
















വഴിയറിയാതെ

വെള്ളരിപ്രാവുകള്‍
ചിറകടിക്കുന്ന കണ്ണുകളാല്‍
കുരിശിലേയ്ക്ക്‌ ചൂണ്ടി
കാല്‍വരിയിലെ
ചോരപ്പാടുകള്‍ കാട്ടി
അനാഥാലയത്തിന്റെ
ചുവരുകള്‍ പറഞ്ഞു
-ദൈവം സ്നേഹമാണ്‌

വാറ്റുചാരായത്തിന്റെ
ചിറകില്‍
ആകാശവും കടന്ന്‌
അനന്തകോടി
നക്ഷത്രങ്ങളേയും കടന്ന്‌
ആദിമശൂന്യതയിലെത്തുമ്പോള്‍
അറിയുന്നു
-അറിവാണ്‌ ദൈവം

വിദേശക്കപ്പലില്‍
തണ്ടുവലിച്ചു തഴമ്പുപൊട്ടി.
മാറാവ്യാധിക്കു മരണമാണ്‌
മരുന്നെന്നു കപ്പിത്താന്‍
കടലിലെറിഞ്ഞിട്ടും
കടലെടുക്കാതെ
കരയിലെത്തി
കാല്‍വെള്ള തടവിനോക്കി
-അനുഭവമാണ്‌ ദൈവം

കഞ്ചാവിന്റെ നിറവില്‍
പുല്‍ക്കൊടിക്കും താഴെ
കണ്ണിനു കാണാനാവാത്ത
ചരാചരങ്ങള്‍ക്കിടയില്‍
ഏകകോശ ജീവികളുടെ
അലൈംഗിക ത്രുഷ്ണകള്‍ക്കിടയില്‍
അലയുമ്പൊള്‍
അവസാനവാക്ക്‌
-അറിവില്ലായ്മയാണ്‌ ദൈവം

ചിതലരിച്ച പുസ്തകത്താളിന്റെ
ചിതയിലെരിയാതെ ചിന്തകന്‍
-നീയും ഞാനുമാണ്‌ ദൈവം

ചോദ്യങ്ങളുടെ
വഴികളവസാനിക്കുന്ന കവലയില്‍
കലുങ്കുംചാരി നില്‍ക്കുമ്പൊള്‍
ഞാന്‍‌‌‌-
കളിക്കുടുക്കയില്‍
ക്യാരറ്റ്തോട്ടത്തിലേയ്ക്കുള്ള
വഴിമറന്ന മുയല്‍ക്കുഞ്ഞ്‌

5 comments:

  1. ചോദ്യങ്ങളുടെ
    വഴികളവസാനിക്കുന്ന കവലയില്‍
    കലുങ്കുംചാരി നില്‍ക്കുമ്പൊള്‍
    ഞാന്‍‌‌‌-
    കളിക്കുടുക്കയില്‍
    ക്യാരറ്റ്തോട്ടത്തിലേയ്ക്കുള്ള
    വഴിമറന്ന മുയല്‍ക്കുഞ്ഞ്‌

    നന്നായി.

    ReplyDelete
  2. ലോകം മുഴുവന്‍ കല്ലെറിയുംപോഴും
    കള്ളനെന്നു മുദ്ര കുത്തുമ്പോഴും
    മാറോടു ചേര്‍ത്ത് ആശ്വസിപ്പിക്കുംപോള്‍
    അറിയുന്നു
    അമ്മയാണ് ദൈവം

    ReplyDelete
  3. കവിത വളരെ നന്നായി

    ReplyDelete
  4. ഞാന്‍‌‌‌-
    കളിക്കുടുക്കയില്‍
    ക്യാരറ്റ്തോട്ടത്തിലേയ്ക്കുള്ള
    വഴിമറന്ന മുയല്‍ക്കുഞ്ഞ്‌

    വളരെ നന്നായി

    ReplyDelete
  5. നന്ദി...
    തലശ്ശേരി,
    കണ്ണനുണ്ണീ,
    അരുണ്‍ ചുള്ളിക്കല്‍,
    കുമാരന്‍,
    ഷൈജു കൊട്ടാത്തല ..എല്ലാവര്‍ക്കും

    ReplyDelete