
പുതിയൊരു ഹോംസ്റ്റേയുടെ
പരസ്യവുമായി-
"അച്ഛാ, നമുക്കിവിടെ..."
ഇരുമ്പ് ഗേറ്റിന്റെ വര്‍ണ്ണചിത്രം
പെരുവിരലില്‍ നിന്നുയര്‍ത്തിയ
തരിപ്പ്, ശിരസ്സോളമെത്തുന്നു.
മകനേ, നിന്നെയൊരിക്കല്‍
അച്ഛനവിടെ കൊണ്ടുപോകും.
പട്ടുമെത്തയില്‍ ഉറങ്ങാനല്ല
കുന്നിന് മുകളില്‍ നിന്ന്
നീ കാണണം-
താഴ്വരയിലെ പച്ചപ്പല്ല
ചുവന്നുപൂത്ത വാകമരങ്ങളെ.
ആ ചുവപ്പ്
മുത്തച്ഛന്റെ നെഞ്ചിലെ
വിടരാതെ പോയ
മുദ്രാവാക്യമാണ്
ചൂളമരത്തില്‍ ചാരിനിന്ന്
നീ കേള്‍ക്കണം-
കാറ്റിന്റെ സംഗീതമല്ല
താഴെനിന്നും ഉയരുന്ന
തലമുറകളുടെ നിലവിളി
അസ്തമയ ഭംഗിയില്‍
അലിഞ്ഞുപോവാതെ
നീ അറിയണം-
കൂലി ചോദിച്ചതിന്
കുന്നിന് മുകളില്‍ നിന്നും
തള്ളിയിട്ടുകൊന്ന ക്രൂരത
എന്തൊക്കെ പേരിട്ട് വിളിച്ചാലും
മായാത്തൊരു പേരുണ്ടാ താഴ്വരയ്ക്ക്
നമ്മുടെ മുത്തച്ഛന്മാരുടെ
ചോരവീണ് ചുവന്ന പേര്
' ചെമ്മണ്ണ് '
ഉണ്ണീ, നിനക്കുറങ്ങാനാവില്ലവിടെ.