കണ്ണുകളുടെ കാഴ്ചയ്ക്ക്‌ പരിധിയുണ്ടെന്നറിയാം, പരിമിതികളും...
എന്നാലും... ഈ കണ്ണുകളിലൂടെയാണ്‌ അമ്മയെ കണ്ടത്‌, ആകാശം കണ്ടത്‌ നിലാവും,നിഴലും,നിറങ്ങളും ചോരയുടെ ചുവപ്പും കണ്ടത്‌
പിന്നെ...... നിന്നെ കണ്ടത്‌

01 March 2010

സമത്വം



ഉടുതുണിയഴിച്ച്
കൈത്തോട്ടില്‍ നീ
നീരാടാനിറങ്ങിയപ്പോഴാണ്‌
കൈതമുള്ളുകള്‍ക്കിടയിലൂടെ
എന്റെ പ്രണയം നിന്നെ തൊട്ടത്.

കൂലിപ്പണിയില്ലാത്ത
കര്‍ക്കടകത്തില്‍
എണ്ണവറ്റി തിരിയണഞ്ഞ
രാത്രിയിലാവാം
രാവുണ്ണിയുടെ വിത്തിട്ടത്.
അതല്ലേയവന്റെ
എണ്ണക്കറുപ്പില്‍
സ്നേഹം തുളുമ്പുന്നത്.

വിശന്നും, വലഞ്ഞും
ഒന്നും രണ്ടും പറഞ്ഞ്
നമ്മള്‍ പിണങ്ങിയ രാത്രിയുടെ
സന്ധി ചെയ്യലാവാം
ഗോപാലനുണ്ണി.
അതല്ലേ വിശക്കുമ്പോള്‍
അവനിത്ര വാശി.

നിലവിളികള്‍ക്കുള്ളിലെ
തിരിച്ചറിവിലാവാം
ഞാന്‍ ഇടതുപക്ഷമായത്.

മീന്‍ പിടിക്കുന്നവനും
പാല്‍ കറക്കുന്നവനും
വിളവെടുക്കുന്നവനും
വിശക്കുന്നുണ്ടെന്നും,
വിശക്കാതെയുറങ്ങുന്നവന്‍
വിയര്‍ത്തിട്ടില്ലന്നുമുള്ള
തിരിച്ചറിവ്.

നീയറിഞ്ഞിട്ടില്ല-
നിന്നേയും,
കുഞ്ഞുങ്ങളേയുമുണര്‍ത്താതെ
പട്ടിണീക്കലത്തില്‍
സമത്വത്തിന്റെ അരിയിട്ട്
വേവാനായി കാത്തിരുന്ന്
പുലര്‍ന്ന രാത്രികള്‍.

സ്വപ്നങ്ങളില്‍
നിലാവിന്റെ പാട്ടുകള്‍
വിശക്കാത്ത വയറുകള്‍
കീറാത്ത ഉടുപ്പുകള്‍
നനയാത്ത കുടിലുകള്‍

അകലെയകലെയൊരു
നക്ഷത്രം കണ്ണിറുക്കുന്നു
"ഞാന്‍ നിന്റെ സ്വപ്നങ്ങളുമായി
മുന്‍പേ പോന്നവന്‍."

9 comments:

  1. പ്രണയത്തില്‍ നിന്ന് ജീവിതത്തിലേയ്ക്ക്

    ReplyDelete
  2. പ്രണയത്തിനും ജീവിതത്തിനും ഇടയ്ക്ക്...

    ReplyDelete
  3. സ്വപ്നങ്ങളില്‍
    നിലാവിന്റെ പാട്ടുകള്‍...

    ReplyDelete
  4. എവിടെയൊക്കെയോ ഇഷ്ടമായി

    ReplyDelete
  5. നന്ദി ....
    റ്റോംസ് കോനുമഠം,
    വഴിപോക്കന്‍,
    കണ്ണനുണ്ണി
    ഇവിടെ വന്നതിന്‌.....വായിച്ചതിന്‌.

    ReplyDelete
  6. കണ്ടിട്ടും കാണാതെ പോകുന്ന കാഴ്ചകള്‍ ഇനിയും നിറയട്ടെ, ഈ കണ്ണുകളില്‍. നല്ല അനുഭവം.

    ReplyDelete
  7. തലശ്ശേരിയോട് നന്ദിയുണ്ട്....
    പതിവ് കൂട്ടിന്‌

    ReplyDelete
  8. ജീവിതത്തിന്റെ ഇടതോരം ചേര്‍ന്ന് നിന്റെയീ യാത്രയോക്കെയും.....

    ReplyDelete
  9. നന്നായിരിക്കുന്നു ... വരികളും ഭാവനയും ....

    ReplyDelete