കണ്ണുകളുടെ കാഴ്ചയ്ക്ക്‌ പരിധിയുണ്ടെന്നറിയാം, പരിമിതികളും...
എന്നാലും... ഈ കണ്ണുകളിലൂടെയാണ്‌ അമ്മയെ കണ്ടത്‌, ആകാശം കണ്ടത്‌ നിലാവും,നിഴലും,നിറങ്ങളും ചോരയുടെ ചുവപ്പും കണ്ടത്‌
പിന്നെ...... നിന്നെ കണ്ടത്‌

13 August 2009

കുമാരന്റെ സ്വാതന്ത്യം
കൂടുതല്‍ പഠിച്ചിട്ടില്ലേലും
കുമാരന്‌ കുറച്ചൊക്കെയറിയാം..
പതിനൊന്നാം വയസ്സില്‍-

ഇന്‍ഡ്യയെന്നൊരു
രാജ്യമുണ്ട്‌
അതിനൊരു കൊടിയും.
അവിടെയെന്തോ നടക്കുന്നുണ്ട്‌.
പള്ളിക്കൂടത്തിലെ
പിള്ളേര്‍ക്കു വീശാനാണ്‌
പ്ലാസ്റ്റിക്ക്‌ കൊടിയില്‍
പിന്നു്‌ അടിക്കുന്നത്‌.

ഇന്നലെയും പിന്നു്‌
കൈതുളച്ചതിന്റെ
നീറ്റല്‍ മാറിയില്ല.

ഒരാഴ്ചയുറങ്ങാതെ
ഇടവേളയില്ലാതെ ചലിച്ച്‌
വിരല്‍ത്തുമ്പ്‌
വീര്‍ത്തു വന്നിട്ടുണ്ട്‌.

പിന്നടിച്ച പതാകകള്‍
ലോറിയിലേയ്ക്കും,
കുമാരന്‍ മുറിയിലേയ്ക്കും.

അവിടെ,
മുരുകന്‍ വന്നിട്ടുണ്ടാവില്ല
അവന്റനിയന്‍ സുപ്രനും.
പൊള്ളിപ്പനിച്ചിട്ടും
പോയതാണ്‌.
തീപ്പെട്ടിക്കമ്പനീല്‍
അവധിയില്ലല്ലൊ...

വയറു കാളുന്നുണ്ട്‌.
കാശില്ലാതല്ല-
കീശയില്‍ മുതലാളിതന്ന
പത്തിന്റെ നോട്ടുണ്ട്‌.
കടവരെ പോകാന്‍ വയ്യ.
കണ്ണിലിരുട്ടിന്റെ കോട്ട.

കുമാരന്‍ മുറിയിലുറങ്ങുന്നു.
മുരുകനും സുപ്രനും
വിയര്‍പ്പണിയുന്നു.
യൂണിഫോമിട്ട കുട്ടികള്‍
തെരുവിലൂടെ കടന്നുപോവുന്നു,
കുമാരന്‍ പിന്നടിച്ച
പതാകയും വീശി...
'ഭാരത് മാതാ കീ.....'

5 comments:

 1. Nice Article!

  One Simple Tech - Computer News, Reviews and Guides
  The Forex Site - The Foreign Exchange
  MagicStix - Personal Blog of MagicStix

  Thanks!

  ReplyDelete
 2. കുമാരനും മുരുകനും സുപ്രനും...62 വര്‍ഷങ്ങളുടെ തിരുശേഷിപ്പുകള്‍...കൊള്ളാം....

  ReplyDelete
 3. :):)
  പൊള്ളുന്ന സ്വാതന്ത്യം

  ReplyDelete
 4. വരികളില്‍ പൊള്ളുന്ന ഇന്നുകളെ വിളക്കി വെച്ചിരിക്കുന്നു..

  ReplyDelete