കണ്ണുകളുടെ കാഴ്ചയ്ക്ക്‌ പരിധിയുണ്ടെന്നറിയാം, പരിമിതികളും...
എന്നാലും... ഈ കണ്ണുകളിലൂടെയാണ്‌ അമ്മയെ കണ്ടത്‌, ആകാശം കണ്ടത്‌ നിലാവും,നിഴലും,നിറങ്ങളും ചോരയുടെ ചുവപ്പും കണ്ടത്‌
പിന്നെ...... നിന്നെ കണ്ടത്‌

15 August 2009

സഖാവിന്റെ ടി വി കാഴ്ചകള്‍

പേരക്കുട്ടികളെ സ്കൂള്‍ബസ്സില്‍ കയറ്റിവിട്ടിട്ട് അയാള്‍ തിരിച്ചുനടന്നു. മകനും, മരുമകള്‍ക്കും നേരത്തേ പോകണം. അതുകോണ്ട്‌ ഇതു തന്റെ ജോലിയാണ്‌.

നടയില്‍ കിടന്ന പത്രങ്ങള്‍ കുനിഞ്ഞെടുത്തു. അതില്‍നിന്നും 'ദേശാഭിമാനി' മാത്രം കൈയിലെടുത്ത്‌ ചാരുകസേരയില്‍ വന്നുകിടന്നു. ഇതൊരു പതിവാണ്‌. ഇങ്ങനെ കിടക്കുമ്പോള്‍ മനസ്സിലൂടെ ചുവപ്പിന്റെ ഘോഷയാത്ര കടന്നുപോകും.

കോരിച്ചൊരിയുന്ന മഴയത്ത്‌ കുന്നും, മലയും താണ്ടിയ ജാഥകള്‍. കൂരിരുട്ടിലും ഉയരുന്ന മുദ്രാവാക്യത്തിന്റെ തീവെട്ടികള്‍.

"ഉരിയരിക്കു പോലുമിവിടെ
ഉഗ്രസമരമുയരണം...
ഉടുതുണിക്കു പോലുമിവിടെ
ഉഗ്രസമരമുയരണം..... "
ഞരമ്പിലൂടെ എന്തോ ഒന്ന്‌ കടന്നുപോകുന്നു.

എഴുന്നേറ്റ് ടി വി ഓണ്‍ചെയ്തു. കുട്ടികള്‍ പോകുന്നതുവരെ ഒന്നും കാണാന്‍ അവന്മാര്‍ സമ്മതിക്കില്ല. സ്ക്രീനിലെപ്പോഴും എലിയും, പൂച്ചയും ഓടിനടക്കുകയാണ്‌.

വലത്തേമൂലയില്‍ ചുവന്ന ചതുരക്കട്ടയുള്ള ചാനലിനുവേണ്ടി തിരഞ്ഞു. അവിടെ കമ്മ്യൂണിസ്റ്റ് ചൈനയിലേയ്ക്കുള്ള യാത്രയുടെ വിവരണം. ചൈനയെന്നും, ക്യൂബയെന്നുമൊക്കെ കേള്‍ക്കുമ്പോള്‍ വല്ലാത്ത ഒരടുപ്പം. താഴത്തെ കലുങ്കില്‍ പോയി ഇരിക്കുന്നപോലത്തെ ഒരു സുഖം.

ചൈനയില്‍ ഒരു വലിയ കെട്ടിടത്തിന്റെ മുമ്പില്‍ വണ്ടിനിര്‍ത്തി, അത്‌ 'മക്ഡൊണാള്‍ഡ്'സിന്റെ ഭക്ഷണശാലയാണെന്ന് പരിചയപ്പെടുത്തുന്നു. അമേരിക്കന്‍ കമ്പനി ലോകത്തിനു നല്‍കുന്ന രുചി വൈവിധ്യങ്ങളെപ്പറ്റി റിപ്പോര്‍ട്ടര്‍ വാചാലനാകുന്നു.

പെട്ടന്ന്‌ ചെവിയില്‍ സഖാവ് രാഘവന്റെ വാക്കുകള്‍ ഇടിമുഴക്കമായി. അധിനിവേശത്തിനെതിരെ തുളച്ചു കയറുന്ന വാക്കുകള്‍. രാത്രി മീറ്റിങും കഴിഞ്ഞുവരുമ്പോള്‍ വഴിപിരിയുന്നിടത്തുവെച്ച്‌ പാതിബീഡി തന്നിട്ടുപോയവന്‍...ഇരുട്ടിന്റെ മറവില്‍ പിന്നില്‍നിന്നുള്ള കുത്തേറ്റ്, ചുരുട്ടിപ്പിടിച്ച മുഷ്ടിയും ചുണ്ടില്‍ ഈങ്ക്വിലാബിന്റെ പാതിയുമായി കടന്നുപോയവന്‍....

അയാളെഴുന്നേറ്റു. കണ്ണടമാറ്റി ടി വിയിലേയ്ക്കു നോക്കി. ഇതാണ്‌ നല്ലത്‌. അവ്യക്തമായ നിറങ്ങള്‍ക്കിടയില്‍ ചുവപ്പിന്റെ ഒരു തുള്ളിയുണ്ടെന്നു തോന്നുന്നു. തലമുറകള്‍ കരളിലവശേഷിപ്പിച്ച ചുവപ്പിന്റെ ഒരു തുള്ളി.

6 comments:

 1. കാലം മാറി.
  (ചുവപ്പ് ലേശം ബുദ്ധിമുട്ടാണ് വായിക്കാൻ)

  ReplyDelete
 2. നന്ദി, സതീശ്‌ മാക്കോത്ത്‌
  നിറം മാറ്റിയിട്ടുണ്ട്‌

  ReplyDelete
 3. തുള്ളി ചുവപ്പില്‍ ഒരുപാട് പ്രതീക്ഷകളുണ്ട്..

  കാലം മാറിയപ്പോള്‍ , നല്ലരീതിയിലുള്ള ഒരു വായനാസുഖം നല്‍കുന്നുണ്ടോ.അവോ.

  നല്ല അവതരണം

  ReplyDelete
 4. അയാളെഴുന്നേറ്റു. കണ്ണടമാറ്റി ടി വിയിലേയ്ക്കു നോക്കി. ഇതാണ്‌ നല്ലത്‌. അവ്യക്തമായ നിറങ്ങള്‍ക്കിടയില്‍ ചുവപ്പിന്റെ ഒരു തുള്ളിയുണ്ടെന്നു തോന്നുന്നു. തലമുറകള്‍ കരളിലവശേഷിപ്പിച്ച ചുവപ്പിന്റെ ഒരു തുള്ളി.

  നല്ല എഴുത്ത്
  :)
  ആശംസകള്‍...*

  ReplyDelete
 5. ishtapettu

  ReplyDelete
 6. വിഷയത്തിൽ ഒരഭിപ്രായം പറയുന്നില്ല. എഴുത്തു നന്നായിരിക്കുന്നു.
  ഹൃദയം നിറഞ്ഞ ഓണാശം സകൾ

  ReplyDelete